കരിമണ്ണൂർ: ജോലിക്കിടെ പനയിൽ നിന്ന് വീണ് പരിക്കേറ്റ് ശരീരം തളർന്ന കള്ള് ചെത്ത് തൊഴിലാളി കരിമണ്ണൂർ കുറുമ്പാലമറ്റം ഈന്തുങ്കൽ ബിജുവിന് കരിമണ്ണൂർ കർമ ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി എം.എം. മണി നിർവഹിച്ചു. വീടിന് സമീപം ചേർന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എൻ. സദാനന്ദൻ അദ്ധ്യക്ഷനായി. യു.എസ്.എ സി.ഡി.എം.എ ഭാരവാഹി സിനോ ജോസഫ് തോട്ടത്തിമ്യാലിൽ, കരിമണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വറവുങ്കൽ, നെടുമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവൻ, കരിമണ്ണൂർ പഞ്ചായത്തംഗങ്ങളായ സുകുകുമാർ, ജോസ്മി സോജൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ സി.ജെ. ചാക്കോ സ്വാഗതവും ട്രഷറർ വി.വി. ഫിലിപ്പ് നന്ദിയും പറഞ്ഞു. ബിജുവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. കേരള സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വീട് നൽകാൻ നിലവിലെ നിബന്ധനകളും ചട്ടങ്ങളും മൂലം കഴിയുമായിരുന്നില്ല. തുടർന്നാണ് കരുണ ചാരിറ്റബിൾ ട്രസ്റ്റ് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്.