മുട്ടം: കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 43-ാമത് സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് (പുരുഷ-വനിതാ വിഭാഗം) 27 മുതൽ ജൂൺ ഒന്ന് വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂൾ ഫ്ലഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളെ പ്രതിനിധീകരിച്ച് അന്തർദേശീയ- ദേശീയ- യൂണിവേഴ്സിറ്റി താരങ്ങൾ പുരുഷ- വനിതാ വിഭാഗങ്ങളിൽ ആറ് ദിവസങ്ങളിൽ പകലും രാത്രിയുമായി നടത്തുന്ന മൽസരങ്ങളിൽ മാറ്റുരയ്ക്കും. ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണു ബീഹാറിലെ പാറ്റ്നയിൽ സെപ്റ്റംബർ 21 മുതൽ 29 വരെ നടക്കുന്ന ദേശീയ ജൂണിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിന്റെ പുരുഷ-വനിതാ ടീമുകളെ തെരഞ്ഞെടുക്കുന്നത്. 27ന് വൈകിട്ട് 4.30ന് മുട്ടം ടൗൺ ചുറ്റിയുള്ള വിവിധ ജില്ലാ ടീമുകളുടെ മാർച്ച് പാസ്റ്റും ഘോഷയാത്രയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനും കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായ പി.ജെ. സണ്ണി, കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ മുഖ്യരക്ഷാധികാരി ഡോ. ജോൺ എം. ചാക്കോ, അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ കമ്മിഷണറും കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. പ്രിൻസ് കെ. മറ്റം, കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, മുട്ടം എസ്.എ.ബി.എസ് കോൺവെന്റ് മദർ ഡോ. സിസ്റ്റർ സെലിൻ മാത്യു, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌ലിൻ എസ്.എ.ബി.എസ്, കേരള സ്‌പോർട്സ് കൗൺസിൽ പ്രതിനിധിയും ചാമ്പ്യൻഷിപ്പ് നിരീക്ഷകനുമായ കെ.എൽ. ജോസഫ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, വാർഡ് മെബർ ഷൈജ ജോമോൻ, ഷന്താൾ ജ്യോതി പി.ടി.എ പ്രസിഡന്റ് ഡോ. തോംസൺ ജോസഫ്, ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ പി.പി. സൂര്യകുമാർ, കെ.പി. അവിരാച്ചൻ, പ്രൊഫ. ബോബി കെ. മാണി എന്നിവർ പങ്കെടുക്കും. ജൂൺ ഒന്നിന് വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി എസ്. രാജീവ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കേരള ക്രിക്കറ്റ് ടീം ക്യാപ്ടൻ സച്ചിൻ ബേബി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കേരള ബാസ്‌കറ്റ്‌ബോൾ അസോസയേഷൻ ജനറൽ സെക്രട്ടറി ഡോ. പ്രിൻസ് കെ. മറ്റം, ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി. സൂര്യകുമാർ, ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ എക്സികൂട്ടീവ് മെമ്പർ അലൻ സി. ജോസ്, ദേശീയ റഫറി ആനന്ദ് കൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു.