അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെയും വായനശാലയുടെയും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 1956 ലാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞവർഷം തൊടുപുഴ- രാമമംഗലം റോഡ് വീതി കൂട്ടിയപ്പോൾ ലൈബ്രറി കെട്ടിടം പൊളിക്കേണ്ടി വന്നു. പൂവത്തുകുന്നേൽ പി.ജി. ജ്ഞാനപ്രകാശ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ ലൈബ്രറി നിർമിച്ചിരിക്കുന്നത്. അരിക്കുഴ പഞ്ചായത്തു കവലയിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിന് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഞ്ച് ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചു. കൂടാതെ അക്ഷരസ്‌നേഹികളുടെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നൂറ് പേർക്ക് ഇരിക്കാൻ സൗകര്യമുള്ള മിനി ആഡിറ്റോറിയവും ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ.എം. ബാബു, ഇ.ജി. സത്യൻ, സിനോജ് ജോസ്, വത്സ ജോൺ എന്നിവർ പ്രസംഗിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ലൈബ്രറിയുടെ മുൻകാല പ്രവർത്തകരെ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ഗാനമേള, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കാവ്യാലാപനം എന്നിവയും ഉണ്ടാകുമെന്ന് ഉദയാ ലൈബ്രറി പ്രസിഡന്റ് എം.എ. അരവിന്ദാക്ഷൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ അറിയിച്ചു.