തൊടുപുഴ: ഓരോ വർഷം കൂടുംതോറും പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്കൂടുന്നു. 2017- 18 അക്കാദമിക വർഷം 103525 കുട്ടികളാണ് സ്‌കൂളുകളിൽ എത്തിയിരുന്നതെങ്കിൽ 2018-19 വർഷം 112985 കുട്ടകളായി വർദ്ധിച്ചിരുന്നു. 9460 കുട്ടികൾ പുതുതായി വിദ്യാലയങ്ങളിൽ എത്തിചേർന്നിരുന്നു. പുതിയ അക്കാദമിക വർഷത്തോടനുബന്ധിച്ച് 25 വരെ ഒന്നാം ക്ലാസിൽ മാത്രമായി 4451 കുട്ടികൾ എത്തിചേർന്നു. രണ്ട് മുതൽ ഏഴ് വരെ ക്ലാസുകളിലായി 5350 കുട്ടികളും എട്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് 3279 കുട്ടികളും പുതുതായി പ്രവേശനം നേടി കഴിഞ്ഞു. ഒന്ന് മുതൽ 10 വരെ 13080 കുട്ടികൾ ഈ ദിവസങ്ങളിൽ ജില്ലയിൽ ആകെ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവ് ബോധ്യമായതോടുകൂടി 570 കുട്ടികളുടെ രക്ഷിതാക്കൾ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും അഡ്മിഷനായി പൊതുവിദ്യാലയങ്ങളെ സമീപിച്ചുകഴിഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഒട്ടേറെ അക്കാദമിക പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ അക്കാദമിക വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ നടത്തിയ പഠനോത്സവം, മികവുത്സവം എന്നിവയിലൂടെ കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവുകളും കഴിവുകളും ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം വലിയ തോതിലുള്ള ജനകീയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനപരിപോഷണ പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, സുരലി ഹിന്ദി എന്നിവ മികച്ച ഫലമാണുണ്ടാക്കിയത്.
എല്ലാ ക്ലാസും ഹൈടെക്ക്
ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗം മുഴുവൻ സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളും കഴിഞ്ഞ വർഷം തന്നെ ഹൈടെക് ആക്കി മാറ്റിയിരുന്നു. ഇതിന് മാത്രമായി കിഫ്ബി മുഖാന്തിരം 13.63 കോടി ജില്ലയിൽ ചിലവഴിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രൈമറി വിഭാഗത്തിലെ 481 സ്‌കൂളുകളിലും ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കും. ഇത് ജൂലായ് മാസത്തിൽ പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്ക് സംവിധാനത്തിലേക്ക് മാറും.
യൂണിഫോമും പുസ്തകവും കൈകളിൽ
വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണം പൂർത്തിയായി വരുന്നു. സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നത്.
''പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും മുന്നൊരുക്കങ്ങൾ നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ അർഹിക്കുന്ന ആനുകൂല്യങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും''.
-പി.കെ. ജയശ്രീ
(വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ)
'' സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും. പുതിയ അദ്ധ്യയന വർഷത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷവും തുല്യഅവസരങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും ഏകോപനം സമയബന്ധിതമായി നടപ്പിലാക്കും.''
-കെ.എ ബിനുമോൻ
(ജില്ലാ കോ- ഓർഡിനേറ്റർ,
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം)