ഇടുക്കി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതികളിൽ തീർപ്പുണ്ടാക്കുന്നതിന് മൂന്നാറിൽ പ്രത്യേക സിറ്റിംഗ് നടത്തി. മൂന്നാർ ഗവ. ഗസ്റ്റ്‌ഹൗസിൽ നടത്തിയ സിറ്റിംഗിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് 35 കേസുകൾ പരിഗണിച്ചു. ഇതിൽ 18 പരാതികളിലാണ് ഇരുകക്ഷികളും ഹാജരായത്. 16 പരാതികളിൽ കമ്മിഷൻ പരിഹാരമാർഗം നിർദ്ദേശിച്ചു. ബാക്കിയുള്ള കേസുകൾ അടുത്ത ഹിയറിംഗിൽ പരിശോധിക്കും. പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ഭൂപ്രശ്നങ്ങൾ, അതിർത്തി തർക്കം, ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള പൊലീസ്‌ കേസുകൾ, പട്ടയഭൂമി സംബന്ധമായ പരാതികൾ, വനംവകുപ്പുമായുള്ള തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് കമ്മിഷൻ ചെയർമാന്റെ നേതൃത്വത്തിൽ പരിശോധിച്ചത്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വസ്തുസംബന്ധമായ തർക്കം നിലനിൽക്കുന്ന ഒരു പരാതിയാണ് കമ്മിഷന് പുതുതായി ലഭിച്ചത്.