തൊടുപുഴ: തൊടുപുഴ സ്റ്റേഷനിൽ സി.ഐയായിരുന്ന എൻ.ജി. ശ്രീമോനെതിരായ പരാതികളിൽ ഐ.ജി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുട്ടം വിജിലൻസ് ഓഫീസിൽ തെളിവെടുപ്പ്‌ നടത്തി. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു തെളിവെടുപ്പ്. ശ്രീമോനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പരാതി നൽകിയവരെയാണ് ഐ.ജിക്ക് മുന്നിൽ തെളിവെടുപ്പിനായി വിളിച്ച് വരുത്തിയത്. 2017 സെപ്തംബർ 17ന് രാവിലെ 8.30ന് ഇടവെട്ടി ഉക്കിണി വീട്ടിൽ ഷാജിയെ ശ്രീമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷാജിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിടുകയും ഇത് കണ്ട് ഭാര്യയും മക്കളും തടസം നിൽക്കാൻ ശ്രമിച്ചെങ്കിലും അവരെ വലിച്ച് മാറ്റി ഷാജിയെയും കൊണ്ട് പോവുകയായിരുന്നെന്ന് ദൃക്ഷസാക്ഷികൾ മൊഴി നൽകി. ഷാജി ഓടിച്ച വണ്ടിയിടിച്ച് ഒരാൾ മരിച്ചിട്ടും നിറുത്താതെ പോയതിനാണ് അറസ്റ്റെന്നാണ് പൊലീസുകാർ അന്ന് ഓടിക്കൂടിയ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് കൂട്ടാളി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്നും പരാതിക്കാരുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചതെന്നും പിന്നീട് വ്യക്തമായി. മർദ്ദനത്തെ തുടർന്ന് അവശനായി നിലത്ത് വീണ ഷാജിയെ പരാതിക്കാകാരനെക്കൊണ്ട് സി.ഐ തൊഴിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. പിറ്റേന്ന് ഷാജിയെ മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കി 42 ദിവസം റിമാൻഡ് ചെയ്യുകയും നിയമപരമായി ലഭിക്കേണ്ട ചികിത്സ നിഷേധിക്കുകയും ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആരംഭിച്ച ചികിത്സ ഷാജി ഇപ്പോഴും തുടരുകയാണ്. അന്ന് പ്ലസ് വൺ വിദ്യാർത്ഥി ആയിരുന്ന ഷാജിയുടെ മകൾ ഐഷയാണ് പിതാവിന് മർദ്ദനമേറ്റ സംഭവത്തിൽ അധികാരികൾക്ക് മുന്നിൽ പരാതി നൽകിയത്. ഇന്നലെ വിജിലൻസ് ഓഫീസിൽ നടന്ന തെളിവെടുപ്പിൽ ഐഷയും ഐ.ജിക്ക് മുന്നിലെത്തി മൊഴി നൽകി. ഐജിക്ക് മുമ്പിൽ ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രീമോനും അവസരം നൽകിയിരുന്നു. മുട്ടത്ത് നടക്കുന്ന തെളിവെടുപ്പിൽ ഹാജരാകരുതെന്ന് പരാതി നൽകിയ ഓരോരുത്തരെയും ഫോണിൽ നിരന്തരം വിളിച്ച് ശ്രീമോൻ ആവശ്യപ്പെട്ടതായും ഐ.ജിക്ക് മുന്നിൽ പരാതി എത്തി. ഇക്കാര്യം പരാതിക്കാരനിൽ നിന്ന് ഐ.ജി എഴുതി വാങ്ങി. ഇത് സംബന്ധിച്ചുള്ള വിവരം ഹൈക്കോടതിയെ അറിയിച്ച് സി.ഐക്കെതിരെ കേസെടുക്കുമെന്നും ഐ.ജി വെങ്കിടേഷ് പറഞ്ഞു.