മറയൂർ: മറയൂർ ചന്ദനക്കാട്ടിൽ നിന്ന് ചന്ദന മരങ്ങൾ കടത്തിയ കേസിലെ നാലു പ്രതികളെ കണ്ടെത്തുന്നതിന് വനം വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു. ഒളിവിൽ കഴിയുന്ന മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശികളായ ബോസ് എന്നും കുഞ്ഞിപ്പു എന്നും വിളിക്കുന്ന ഷൊഹൈബ്, കയ്പൻകോട് അബ്ദുൾ നാസർ, വള്ളുവമ്പ്രം സ്വദേശി അക്കര ഗഫൂർ, ബേബി സോൺ വസ്ത്രവ്യാപാര സ്ഥാപനത്തിലെ അൻവർ എന്നിവരെ കണ്ടെത്താൻ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ വനം വകുപ്പ് ഒരുങ്ങുന്നത്. ദേവികുളം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീടുകളിൽ നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും പിടികൂടാൻ കഴിയാത്തതിനാലാണ് നോട്ടീസ് ഇറക്കുന്നത്. ഏഴു ദിവസത്തിനകം കീഴടങ്ങിയില്ലെങ്കിൽ നോട്ടീസ് ഇറക്കുമെന്ന് പ്രതികളുടെ ബന്ധുക്കളോട് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇവർ ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതായി മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യാംപറമ്പിൽ പറഞ്ഞു. 2018 ഡിസംബർ 19 ന് മറയൂർ റേഞ്ചിലെ നാച്ചി വയൽ സ്റ്റേഷനിലെ അമ്പലപ്പാറ ഭാഗത്ത് നിന്ന് മൂന്നു ചന്ദന വേരുകൾ കടത്തിയിരുന്നു. ഈ കേസിൽ പിടിയിലായ മറയൂർ നെല്ലിപ്പെട്ടി സ്വദേശികളായ ആറുമുഖം, അന്ന മുത്തു എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന ലോബിയുടെ സജീവ സാന്നിധ്യം തിരിച്ചറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ച് 11ന് അടിമാലിക്ക് സമീപം വാളറയിൽ വച്ച് 60 കിലോ ചന്ദനം രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മലപ്പുറം സ്വദേശി സെയ്ഫുദ്ദീൻ, കാസർഗോഡ്മ സ്വദേശി മധുസൂദനൻ എന്നിവരെയും പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച ഫോണുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കുഞ്ഞിപ്പൂവിലേക്കും സംഘത്തിലേക്കും എത്തിചേർന്നത്. ഈ പ്രതികളുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ മറയൂർ സ്വദേശികളുടെ അക്കൗണ്ടിലേക്ക് വന്നെന്നും കണ്ടെത്തിയിരുന്നു.
പ്രതികൾ നയിക്കുന്ന ആഡംബര ജീവിതം
മലപ്പുറത്തുള്ള പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ജീവിതം ആഡംബരം നിറഞ്ഞത്. അതിസമ്പന്നന്മാരായ പ്രതികൾക്ക് ഏറെ രാഷ്ട്രീയ സ്വാധീനമുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇവരെ പിടികൂടുന്നതിന് ശക്തമായ ഒരുക്കങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല. നീന്തൽകുളമുടക്കമുള്ള എല്ലാവിധ ആർഭാടങ്ങളും നിറഞ്ഞതാണ് ഇവരുടെ വീടുകൾ. എല്ലാ വീട്ടിലും സി.സി ടി.വി കാമറകളുമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതും മറ്റും പ്രതികൾ മൊബൈൽ ഫോൺ വഴി കണ്ടു കൊണ്ടിരുന്നു. ഹവാല, സ്വർണ്ണം, ചന്ദനം എന്നിവ കടത്തി ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികളെന്ന് മറയൂർ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എ. നിസാം പറഞ്ഞു. സമീപവാസികൾക്ക് ഇവരുടെ പ്രവൃത്തികളെ കുറിച്ച് വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. മാന്യൻമാരായിട്ട് ഇവിടെ ജിവിക്കുന്ന ഇവരുടെ യഥാർത്ഥ വേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് സമീപവാസികൾ അറിയുന്നത്.