തൊടുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് തൊടുപുഴയിൽ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. തുറന്ന വാഹനത്തിൽ കിഴക്കേയറ്റത്തു നിന്ന് ആരംഭിച്ച സ്വീകരണറാലി പുളിമൂട് ജംഗ്ഷൻ വഴി മൂപ്പിൽക്കടവിലൂടെ കോതായിക്കുന്നിലെത്തി മുനിസിപ്പൽ ബസ് സ്റ്റാൻഡ് റൂട്ടിലൂടെ ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. പി.ജെ. ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് കൺവീൻ എസ്. അശോകൻ എന്നിവർ വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം നേടാനായതിനാൽ അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലും വിജയിക്കാൻ സാധിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. യു.ഡി.എഫ് പ്രവർത്തർ പോലും പ്രതീക്ഷിക്കാത്ത വിജയം നേടാനായതിനാൽ വരും തിരഞ്ഞെടുപ്പുകളിലും ഈ വിജയം തുടരാനാകുമെന്ന് ഡീൻ കുര്യാക്കോസും പറഞ്ഞു.