തൊടുപുഴ: വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നഗരസഭ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കിഴക്കേയറ്റത്തിന് സമീപം പ്രവർത്തിക്കുന്ന കെ.കെ.പി ലോഡ്ജിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ലോഡ്ജ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. ലോഡ്ജിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിയ കൂമ്പാരമായി കിടക്കുകയാണ്. ലേഡ്ജിൽ നിന്നുള്ള മലിനജലം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നുണ്ട്. ഇടുങ്ങിയ ഒരു മുറിയിൽ എട്ടോളം മറുനാടൻ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ.നിഷാദാണ് പരിശോധന നടത്തിയത്. അടുത്ത ദിവസം ലോഡ്ജ് ഉടമയക്ക് നോട്ടീസ് നൽകും.