തൊടുപുഴ: ഓട്ടത്തിനിടെ മിനി വാന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ തൊടുപുഴ- പാലാ റോഡിലെ ചുങ്കം വളവിൽ കോട്ടയം കാണക്കാരി ആനച്ചാലിൽ വീട്ടിൽ കെ.എ. നിസാറിന്റെ വാനാണ് കത്തിയത്. ആർക്കും പരിക്കില്ല. ഏറ്റുമാനൂരിൽ നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന വാനിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുകയും തീ ആളിപ്പടരുകയുമായിരുന്നു. നിസാർ തന്നെയാണ് വാഹനമോടിച്ചിരുന്നത്. പുക കണ്ടപ്പോൾ തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി നിറുത്തി പുറത്തിറങ്ങി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു. വാഹനത്തിന്റെ സീറ്റും വയറിംഗും കത്തിനശിച്ചു. അറുപതിനായിരം രൂപയോളം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.