ഇടുക്കി: ഇലക്ട്രോണിക് മാലിന്യങ്ങൾ വരുത്തുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി ജില്ലയിൽ കർമ്മ പദ്ധതികൾക്ക് തുടക്കം. ഉപയോഗശൂന്യമായാൽ വീടുകളിലും ഓഫീസുകളിലും ഒരു മൂലയിൽ തള്ളുന്ന ഇ- മാലിന്യങ്ങൾ( ഇലക്ട്രോണിക് മാലിന്യം) എങ്ങനെ ഒഴിവാക്കുമെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവുകയാണ്.ആക്രിക്കാർക്ക്പോലും വേണ്ടാതെ വെറുതെ സ്ഥലം പാഴാക്കുന്ന ഇത്തരം മാലിന്യങ്ങൾ ജില്ലയിൽ വിവിധ ഇടങ്ങളിൽനിന്നും ശേഖ6രിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.. ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിൽ നിന്നുള്ള 2.3 ടൺ ഇ- മാലിന്യമാണ് ഇന്നലെ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകൾ, പ്രിന്ററുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയെല്ലാമാണ് ഇന്നലെ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഹൈദ്രാബാദിലെത്തിച്ച ശേഷം ഉപയോഗയോഗ്യമായവ വീണ്ടെടുത്ത ശേഷമാകും ഇവ സുരക്ഷിതമായി സംസ്‌കരിക്കുക. ജില്ലയിലാദ്യമായാണ് സർക്കാർ ഓഫീസുകളിൽ നിന്ന് സമഗ്രമായ കാമ്പെയിനിലൂടെ ഇ- മാലിന്യം സമാഹരിക്കുന്നത്. മുമ്പ് അതത് ഓഫീസുകൾ സ്വന്തം നിലയിൽ ഒഴിവാക്കുകയോ ഓഫീസ് മൂലകളിൽ കൂട്ടിയിടുകയോ ആയിരുന്നു ചെയ്തിരുന്നത്. സംസ്ഥാനത്തെ ഇ- മാലിന്യങ്ങൾ ഒന്നാകെ ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ക്ലീൻ കേരള കമ്പനി മുഖേന ഇ- മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് കോംപ്ലക്സിലെ ഓഫിസുകളിലെ ഇ മാലിന്യങ്ങൾ ഇന്ന് നീക്കം ചെയ്യും. ഇതിന്റെ തുടർച്ചയെന്ന നിലയിൽ ബ്ലോക്ക് തലത്തിലെ ഓഫീസുകളിലെയും ഇ- മാലിന്യങ്ങൾ ഒന്നായി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ജില്ലാ പൊലീസ് കാന്റീൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കമാൻഡന്റിന്റെ ചുമതലയുള്ള കെ.വി. ഡെന്നി മാലിന്യശേഖരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു, ജില്ലാ ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ ഷാജു സെബാസ്റ്റ്യൻ പങ്കെടുത്തു.