തൊടുപുഴ: ഇന്നലെ രാവിലെയോടെയാണ് ആ വാർത്ത തൊടുപുഴയിലെങ്ങും കാട്ടുതീ പോലെ പടർന്നത്. തൊടുപുഴയ്ക്കടുത്ത് ഒളമറ്റത്ത് പുലിയിറങ്ങി....ഒളമറ്റം തട്ടായത്ത് വീട്ടിൽ ജോയലിന്റെ വീടിന്റെ പിൻഭാഗത്തായി പുലിയെ കണ്ടെന്നായിരുന്നു അഭ്യൂഹം. വാർത്ത കേട്ടവരെല്ലാം ഞെട്ടി. ചിലർ ഒളമറ്റത്തേക്ക് പാഞ്ഞു. മറ്റു ചിലർ ഇവിടെയുള്ള പരിചയക്കാരെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് വിവരം തിരക്കി. രണ്ട് ദിവസം മുമ്പ് ജോയലിന്റെ വീട്ടിലെ കോഴികളെ കാണാതെ പോയിരുന്നു. ഇന്നലെ രാവിലെ കോഴി കരയുന്നത് കേട്ട് ജോയലിന്റെ അമ്മ പുറത്തിറങ്ങിയപ്പോഴാണ് പുലിയോട് രൂപസാദൃശ്യമുള്ള ഒരു ജീവി ഓടിപ്പോകുന്നത് കണ്ടത്. രണ്ട് കോഴികളേയും കൊന്നിട്ടിരുന്നു. ഇതറിഞ്ഞതോടെ പ്രദേശവാസികളാകെ പേടിച്ചുവിറച്ചു. സ്ത്രീകളും കുട്ടികളും വീടിന് പുറത്തിറങ്ങാൻ ഭയന്നു. യുവാക്കൾ പുലിയെ കുടുക്കാൻ പദ്ധതികൾ ആലോചിച്ചു. ഒടുവിൽ വനംവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. നാട്ടുകാർ ചുനയംമാക്കൽ കാവിലും തിരഞ്ഞെങ്കിലും സംശകരമായ യാതൊന്നും കണ്ടില്ല. പൂച്ചപ്പുലിയെയാണോ കണ്ടതെന്ന സംശയം ഉയരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഒളമറ്റത്ത് പൂച്ചപ്പുലിയെ കണ്ടതായി വിവരമുണ്ടായിരുന്നു.