തൊടുപുഴ: ഒരു കാലത്ത് കാണികളെ അദ്ഭുതപ്പെടുത്തിയ കലാനിലയം ഡ്രാമാവിഷൻ 15 വർഷത്തിന് ശേഷം കടമറ്റത്ത് കത്തനാരുമായി തൊടുപുഴയിലെത്തുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കലാനിലയത്തിന്റെ എക്കാലത്തെയും മികച്ച ഹാസ്യനടനായിരുന്ന തൊടുപുഴ വിജയനില്ലാതെയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ നാടകം അരങ്ങേറുന്നതെന്നാണ് പ്രത്യേകത. കലാനിലയത്തിന്റെ ഏതെങ്കിലുമൊരു നാടകമെങ്കിലും കണ്ടിട്ടുള്ളവർക്ക് തൊടുപുഴ വിജയനെ മറക്കാനാവില്ല.
രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, നാരദൻ കേരളത്തിൽ തുടങ്ങി കലാനിലയത്തിന്റെ നാടകങ്ങളിലെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു തൊടുപുഴ വിജയൻ. അവസാനമായി 2004ലാണ് കലാനിലയം നാടകം തൊടുപുഴയിലെത്തിയത്. അന്നത്തെ വിജയന്റെ മാസ്മരിക പ്രകടനം ഇന്നും തൊടുപുഴയിലെ നാടകപ്രേമികൾ മറന്നിട്ടില്ല. 2009 സെപ്തംബർ 19ന് വിജയൻ അരങ്ങൊഴിഞ്ഞു. ജൂൺ 21ന് കലാനിലയത്തിന്റെ മാസ്റ്റർ പീസായ കടമറ്റത്ത്കത്തനാർ തൊടുപുഴയിലെത്തുമ്പോൾ വിജയന്റെ ഓർമകളാണ് നിറഞ്ഞുനിൽക്കുന്നത്. ഗ്രാഫിക്സും വി.എഫ്.എക്സുകൊണ്ടുമെല്ലാം സിനിമകൾ വിസ്മയം തീർക്കുമ്പോൾ ഇതൊന്നുമില്ലാത്ത കാലഘട്ടത്തിലും ആസ്വാദകനെ വിസ്മയിപ്പിച്ചിരുന്നു കലാനിലയം നാടകങ്ങൾ. സാദാ നാടകങ്ങളിൽ രംഗങ്ങൾ ഒന്നോ രണ്ടോ തവണ മാറുമ്പോൾ കലാനിലയം നാടകങ്ങളിൽ നിമിഷനേരം കൊണ്ട് വനം കൊട്ടാരവും കൊട്ടാരം പൂന്തോട്ടവുമായി മാറി മറിയുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും. 1963ലാണ് സ്ഥിരംനാടകവേദിയായ കലാനിലയം ഡ്രാമാവിഷൻ ആരംഭിച്ചത്. 1965ൽ ജഗതി എൻ.കെ. ആചാരിയുടെ രചനയിൽ നാടകസാമ്രാട്ട് കലാനിലയം കൃഷ്ണൻ നായരുടെ സംവിധാനത്തിലാണ് കടമറ്റത്തു കത്തനാർ അരങ്ങിലെത്തുന്നത്. അരനൂറ്റാണ്ടോളം ഒരു നാടകം വിജയകരമായി പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ നാടകചരിത്രത്തിൽ തന്നെ ആദ്യമാകും. കൃഷ്ണൻ നായരുടെ മരണത്തെ തുടർന്ന് താത്കാലികമായി നിറുത്തിയ നാടകാവതരണം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭനും ജഗതി എൻ.കെ. ആചാരിയുടെ മകനും നടനുമായ ജഗതി ശ്രീകുമാറും ചേർന്നാണ് വീണ്ടും തുടക്കംകുറിച്ചത്. 2011ൽ ഇതും നിലച്ചു. ഇപ്പോൾ അനന്തപദ്മനാഭനാണ് സാങ്കേതികതികവോടെ വീണ്ടും കത്തനാരെ വേദിയിലെത്തിക്കുന്നത്. മൂലകഥയ്ക്ക് മാറ്റംവരുത്താതെ കാലത്തിന് അനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് അനന്തപദ്മനാഭൻ പുതുതലമുറയ്ക്ക് മുന്നിൽ കത്തനാരെ അവതരിപ്പിക്കുന്നത്. നൂറ്റമ്പതിൽപരം കലാകാരന്മാരും കലാകാരികളുമാണ് നാടകത്തിൽ അണിനിരക്കുന്നത്. 5.1 ശബ്ദമികവിവിൽ ത്രീഡി സംവിധാനത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂരിലും ചെന്നൈയിലുമുള്ള കലാകാരികളാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. 15 വരെ തൃശൂരിൽ വിജയകരമായി പ്രദർശിപ്പിച്ച ശേഷമാണ് തൊടുപുഴയിലെത്തുന്നത്. തൊടുപുഴ മാരിയിൽകലുങ്ക് മൗര്യ റസിഡൻസിയിൽ 7,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന വേദിയിലാകും നാടകം അരങ്ങേറുക. ഒരുമാസത്തോളം നാടകം തൊടുപുഴയിലുണ്ടാകും. വൈകിട്ട് ആറിനും ഒമ്പതിനും ഷോയുണ്ടാകും. 300, 200, 100 എന്നിങ്ങനെയാകും ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്കിൽ സ്കൂൾ കുട്ടികൾക്ക് പ്രത്യേക പ്രദർശനമുണ്ടാകും. ഇതിന് മുമ്പ് രണ്ട് തവണയാണ് തൊടുപുഴയിൽ കലാനിലയം നാടകം എത്തിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക്: 7012631738.
'' പത്ത് വർഷം മുമ്പെടുത്ത ഒരു സിനിമ ഇന്ന് പ്രേക്ഷകർ മുഴുവൻ സമയം കാണണമെന്നില്ല. എന്നാൽ ഏത് കാലത്തും ഏത് തലമുറയുടെ മുന്നിലും കലാനിലയത്തിന്റെ നാടകം അവതരിപ്പിക്കാനാകുമെന്നതാണ് പ്രത്യേകത"
-അനന്തപദ്മനാഭൻ
(കലാനിലയം കൃഷ്ണൻനായരുടെ മകൻ)