mm
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ പിടിച്ചെടുത്തപ്പോൾ

മറയൂർ: തമിഴ്നാട്ടിലെ അതിർത്തി പട്ടണങ്ങളിൽ നിന്ന് കാർബൈഡ് വച്ച് പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പിടിച്ചെടുത്തു.ദിണ്ഡുക്കലിൽ നടന്ന പരിശോധനയിലാണ് മായം കലർന്നമാമ്പഴങ്ങൾ വൻ തോയിൽ കണ്ടെത്തിയത്. ദിണ്ഡുക്കൽ, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാൽ റോഡ്, അമരാവതി, കല്ലാപുരം എന്നീ ഭാഗങ്ങളിൽ വന് തോതിൽ മാങ്ങ കൃഷിചെയ്ത് വരുന്നുണ്ട്. ഇപ്പോൾ മാമ്പഴത്തിന്റെ സീസണായതിനാൽ വിളവെടുക്കുന്ന മാങ്ങകൾ ടൺ കണക്കിനാണ് മാർക്കറ്റിലെത്തുന്നത്. ദിണ്ഡുക്കൽ ഭക്ഷ്യസുരക്ഷ ഓഫീസർ നടരാജന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 2500 കിലോ കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കേരള വിപണികളിലേക്ക് കയറ്റി അയയ്ക്കാനായി ഒരുക്കി വച്ച മാമ്പഴങ്ങളാണ് ദിണ്ഡുക്കല്ലിൽ പിടികൂടിയത്.
വിപണിയിൽ പ്രകൃതിദത്തമായി പഴുക്കുന്ന മാമ്പഴങ്ങളെക്കാൾ എത്തലീൻ പൗഡറും കാർബൈഡും ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണിയിൽ കൂടുതലായി എത്തുന്നതെന്നും രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങൾ കഴിച്ചാൽ ശാരീരികമായ അസ്വസ്ഥത ഉണ്ടാകുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നുംകുറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങളും ഗോഡൗണുകളും അടച്ച് പൂട്ടുമെന്നും അധികൃതർ അറിയിച്ചു.