kk
പ്രതികൾ

അടിമാലി:അടിമാലി ടൗണിൽ യുവാവിനെ കൂട്ടം ചേർന്നാക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അടിമാലി തെക്കേടത്ത് മനീഷ്(36), ചാറ്റുപാറ മാറാച്ചേരി പുത്തയത്ത് ബിനു(45),പനംകുട്ടി പുതുവൽ പുത്തൻ വീട്ടിൽ സുനിൽ (40)എന്നിവരാണ് യുവാവിനെ കൂട്ടം ചേർന്നാക്രമിച്ചതുമായി ബന്ധപ്പെട്ട് അടിമാലി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അടിമാലി കാംകോ ജംഗ്ഷനിൽ ലോഡ്ജ് നടത്തിപ്പുകാരനായ യുവാവിനെ പ്രതികൾ സംഘം ചേർന്നാക്രമിച്ചത്.ലോഡ്ജിന്റെ സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു ലിജോസിനെ പ്രതികൾ പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു.ആക്രമണത്തിൽ കണ്ണിനും മുഖത്തിനും പരിക്കേറ്റ ലിജോസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചിക്തസയിലാണ്.ആക്രമണം നടക്കുന്നതിനിടയിൽ ടൗണിൽ പട്രോളിംങ്ങ് നടത്തിയിരുന്ന പൊലീസ് സംഘം ലോഡ്ജിലെത്തി സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.എന്നാൽ സംഭവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച്ച പകൽ പിടികൂടിയ ആളുകളെ പൊലീസ് വിട്ടയച്ചു.തുടർന്ന് ലിജോസ് ആക്രമിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസ് തിരിച്ചറിഞ്ഞത്.ഉടൻ തന്നെ അങ്കമാലിയിലെ ആശുപത്രിയിലെത്തി ലിജോസിന്റെ മൊഴി രേഖപ്പെടുത്തിസംഭവുമായി ബന്ധപ്പെട്ട ഒന്നും രണ്ടും മൂന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.ലിജോസും പ്രതികളും തമ്മിൽ ബാറിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്നും അടിമാലി സബ് ഇൻസ്‌പെക്ടർ ബേസിൽ തോമസ് പറഞ്ഞു.ഞായറാഴ്ച്ച രാത്രിയിൽ സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തവരെ വെറുതെ വിട്ടയച്ചതിനെ തുടർന്ന് പൊലീസിനെതിരെ പ്രതിഷേധമുയർന്നിരുന്നു.എന്നാൽ ആക്രമണം സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കാതിരുന്നതും ലിജോസ് ആശുപത്രിയിൽ ചിക്തസ തേടിയ വിവരം അറിയാതെ പോയതുമാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.