തൊടുപുഴ: ജൂൺ ഒന്നിന് മുമ്പ് നടപ്പാത കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കണമെന്ന് നഗരസഭാ ചെയർപെഴ്സന്റെ നേതൃത്വത്തിൽ കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരും വ്യാപാരികൾക്ക് നിർദ്ദേശം നൽകി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മത്സ്യമാർക്കറ്റിൽ നേരിട്ടെത്തിയാണ് റോഡിലെ എല്ലാ ഗതാഗത തടസങ്ങളും നീക്കാൻ നിർദ്ദേശിച്ചത്. ആദ്യമെതിർപ്പ് ഉന്നയിച്ചെങ്കിലും കാര്യങ്ങൾ വിശദമാക്കിയതോടെ നിർദ്ദേശം നടപ്പിലാക്കാമെന്ന് വ്യാപാരികൾ സമ്മതിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി, വൈസ് ചെയർമാൻ സി.കെ. ജാഫർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനി ജോഷി, കൗൺസിലർമാരായ രാജീവ് പുഷ്പാംഗദൻ, ഷിംനാസ്, ഷിബു, ഗോപൻ, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് നാവൂർകനി, നഗരസഭാ സെക്രട്ടറി രാജശ്രീ, നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സൂപ്പർവൈസർ രമേശ്, ഹെൽത്ത് ഇൻസ്പെക്ടർ ദീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷാദ്, എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് ബിജു എന്നിവർ ഒപ്പമുണ്ടായിരുന്നു.