മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ കുറെ ദിവസങ്ങായി വൈദ്യൂതിയില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈദ്യൂതി വകുപ്പിലെ ജീവനക്കാരെ കമ്പിവേലിക്കകത്ത് തടഞ്ഞു. കാന്തല്ലൂർ ടൗണിലുള്ള ട്രാൻസ്‌ഫോർമറിൽ പരിശോധനക്ക് എത്തിയ മറയൂർ സെക്ഷൻ ഓഫീസിലെ ബിജു, ശ്രീജിത്ത് എന്നിവരെയാണ് നാട്ടുകാർ പ്രതിഷേധ സൂചകമായി തടഞ്ഞത്.കഴിഞ്ഞ മൂന്ന് ആഴ്ചയായി കാന്തല്ലൂർ മേഖലയിൽ വൈദ്യൂതി തുടർച്ചയായി ലഭിക്കുന്നില്ല. വല്ലപ്പോഴും വൈദ്യുതി എത്തിയാൽ വോൾട്ടേജും ഉണ്ടാകാറില്ല. ഓഫീസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്റ്റപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സംഘടിതരായി എത്തി പ്രതിഷേധിച്ചത്. പ്രശ്ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് നാട്ടുകാർ ജീവനക്കാരെ വേലിക്കകത്ത് പൂട്ടിയിട്ടത്.പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ജീവനക്കാരെ തടഞ്ഞവർ മാപ്പു പറഞ്ഞെങ്കിലും വൈദ്യുതി തുടർച്ചയായി നഷ്ടപ്പെടുന്നതിനാൽ ഇനിയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് നാട്ടുകാർ.