തൊടുപുഴ : ഭാര്യയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കുമളി മുരിക്കടി കുര്യൻ കോളനി പൊട്ടൻകാറ്റിൽ പളനി(50)യെയാണ് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ .കെ .സുജാത ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും കവർച്ചയ്ക്ക് ഏഴുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
2013 ഡിസംബർ 20ന് പുലർച്ചെയാണ് ഭാര്യ സരസ്വതിയെ കൊലപ്പെടുത്തിയത്. സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടുണ്ടായ വഴക്കിനിടെ ൾ ഭാര്യയുടെ തലയ്ക്ക് കാട്ടുകമ്പ് ഉപയോഗിച്ച് അടിച്ചു. മാരമമായി പരിക്കേറ്റ് മുറ്റത്തേയ്ക്ക് വീണ സരസ്വതിയുടെ തല കല്ലിൽ ഇടിപ്പിച്ച ശേഷം പ്ലാസ്ര്രിക് കയർ ഉപയോഗിച്ച് സമീപത്തെ മരത്തിൽ കെട്ടിത്തൂക്കി. ഇതിനു ശേഷം ഇയാൾ ആഭരണങ്ങൾ കവർന്ന് രക്ഷപെട്ടു. ആഭരണങ്ങൾ പണയംവെച്ച ശേഷം തമിഴ്നാട്ടിലേയ്ക്കാണ് പോയത്. കുമളി സിഐ ആയിരുന്ന ബിനുകുമാറിന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തിനു ശേഷം ഇയാളെ പിടികൂടി. തെളിവെടുപ്പിൽ സരസ്വതിയുടെ മൊബൈൽഫോണും പണയംവെച്ച ആഭരണങ്ങളും രസീതും കണ്ടെടുത്തു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സഹായകമായത്. സരസ്വതിയുടെ മൂത്ത മകൻ രജേഷിന്റെയും ഭാര്യയുടെയും മൊഴികളും നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി കുര്യൻ ഹാജരായി