തൊടുപുഴ: മൂന്ന് വർഷമാകുന്നു മാരിയിൽകലിങ്കിലുള്ള ഈ പാലത്തിന്റെ പണി പൂർത്തിയായിട്ട്. പാലം കയറി അക്കരെ എത്തിയാൽ വഴി തീരും. പിന്നെ മുന്നോട്ടുപോകണമെങ്കിൽ പറമ്പിലൂടെ നടക്കണം. ഇതാണ് അവസ്ഥ. അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാലാണ് പാലത്തിന്റെ പണി തീർന്നിട്ടും ആർക്കും പ്രയോജനമില്ലാതെ പോകുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് 6.5 കോടി രൂപ മുടക്കിയാണ് തൊടുപുഴയാറിന് കുറുകെ മാരിയിൽകടവിനെയും കാഞ്ഞിരമറ്റത്തെയും ബന്ധിച്ച് പാലം നിർമിച്ചത്. പാലം വന്നാൽ തൊടുപുഴ ഭാഗത്ത് നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള ദൂരം ഒരു കിലോമീറ്ററോളം കുറയും. അപ്രോച്ച് റോഡ് പൂർത്തീകരിച്ചാൽ മൂലമറ്റം ഭാഗത്ത് നിന്ന് വരുന്നവർക്ക് കാഞ്ഞിരമറ്റം ഭാഗത്തേക്കും ക്ഷേത്രത്തിലേക്കും മറ്റും പാലം വഴി വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇതുവഴി തെക്കുംഭാഗം, അഞ്ചിരി, ഇടവെട്ടി, ആലക്കോട് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ പോകാനാകും. ഒളമറ്റത്തെ കമ്പിപ്പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നതോടെ ഇവിടെയുള്ളവർ കാഞ്ഞിരമറ്രം ഭാഗത്തെത്താൻ കടത്തുവള്ളത്തെയാണ് ആശ്റയിക്കുന്നത്. അവർക്കും പാലം തുറന്നുകൊടുത്താൽ വലിയ ഉപകാരമാവുമായിരുന്നു. എന്നാൽ കാഞ്ഞിരമറ്റം ഭാഗത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തികളുടെ 200 മീറ്ററോളം ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനാകാത്തതാണ് തടസം. ഈ സ്ഥലം വിട്ടുകിട്ടിയാൽ മാത്രമേ പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് പൂർത്തിയാക്കാനാവൂ. സ്ഥലമേറ്റെടുപ്പ് ചുമതല റവന്യൂ വകുപ്പിനാണ്. മൂന്ന് വർഷത്തോളമായിട്ടും ഇത്രയും സ്ഥലം കൂടി ഏറ്റെടുക്കാനാകാത്തത് റവന്യൂവകുപ്പിന്റെ വീഴ്ചയാണെന്നാണ് ആക്ഷേപം.സ്ഥലമേറ്റെടുത്ത് നൽകിയാൽ എത്രയും വേഗം അപ്രോച്ച് റോഡ് നിർമ്മിച്ച് പാലം തുറന്ന് നൽകാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ കാൽനട യാത്രക്കാർ പാലത്തിന്റെ അരികിലൂടെ പോയി കാഞ്ഞിരമറ്റം കടവിലെത്തിയാണ് ക്ഷേത്രത്തിലേക്കും മറ്റും പോകുന്നത്. പാലം പൂർത്തിയായെങ്കിലും രണ്ടര വർഷമായി നടപ്പാലത്തിന്റെ പ്രയോജനം മാത്രം ചെയ്യുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിച്ചാൽ ഒരു പ്രദേശത്തിന്റെ വികസനത്തിനും ആയിരകണക്കിന് ജനങ്ങൾക്കും പ്രയോജനം ചെയ്യും. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് നിർമിച്ച പാലത്തിൽ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്ന് കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് കാഞ്ഞിരമറ്റം, മുതലിയാർമഠം, കാരിക്കോട് പ്രദേശത്തിന്റെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യും.