തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയുടെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഗുരു ഐ.ടി.ഐ നഗറിൽ 501 കുട്ടികൾ പങ്കെടുക്കുന്ന ദൈവദശകം ആലാപനത്തോടെ ചടങ്ങ് ആരംഭിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ദിര സമർപ്പണം നിർവ്വഹിക്കും. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി മഠത്തിലെ മഹാദേവാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജയേഷ്. വി, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും സ്‌കൂൾ മാനേജരുമായ സി.പി. സുദർശൻ, വൈദിക സമിതി യൂണിയൻ സെക്രട്ടറി കെ.എൻ രാമചന്ദ്രൻ ശാന്തി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ്. പി.ജെ, സെക്രട്ടറി ശരത് ചന്ദ്രൻ, ശ്രീനാരായണ എംപ്ളോയിസ് ഫോറം പ്രസിഡന്റ് സന്തോഷ് കെ.പി, സെക്രട്ടറി അജിമോൻ സി.കെ, കുമാരിസംഘം പ്രസിഡന്റ് അശ്വതി സോമൻ, സെക്രട്ടറി അപർണ്ണ ബിജു, സൈബർ സേന സെക്രട്ടറി രതീഷ് ഇ.കെ എന്നിവർ സംസാരിക്കും. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ സ്വാഗതവും ഗുരു ഐ.ടി.ഐ പ്രിൻസിപ്പൽ സ്‌നേഹാമോൾ.പി നന്ദിയും പറയും.

മൂന്ന് നിലയിലെ സാക്ഷാത്കാരം

'വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ" എന്ന ശ്രീനാരായണ ഗുരുദേവ വചനം സാക്ഷാത്കരിക്കുംവിധമാണ് ഗുരു ഐ.ടി.ഐയുടെ പുതിയ ബഹുനിലമന്ദിരം ഇന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി 4800 ചതുരശ്രയടിയിൽ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് മന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്. താഴത്തെ നില അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ്. പ്രിൻസിപ്പൽ ഓഫീസ്, സ്റ്റാഫ് റൂം, കോൺഫ്രൻസ് ഹാൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടാം നിലയിൽ മൂന്ന് ക്ലാസ് റൂമുകൾ. മൂന്നാം നിലയിൽ സിവിൽ- ഇലക്ട്രിക്കൽ വിഭാഗത്തിനുള്ള ലാബാണ് സജീകരിച്ചിരിക്കുന്നത്. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെയും ഗുരു ഐ.ടി.ഐയുടെയും ഫണ്ടിൽ 32 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ക്ഷേത്രമുറ്റത്തുള്ള കെട്ടിടമായതിനാൽ ലാഫേച്ഛ കൂടാതെ കരിമണ്ണൂർ സ്വദേശിയായ കരാറുകാരൻ സുനീഷാണ് കെട്ടിടം നിർമ്മിച്ചത്. ജൂലായിൽ ആരംഭിക്കുന്ന അടുത്ത അദ്ധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ പുതിയ മന്ദിരത്തിലാകും നടക്കുക.