തൊടുപുഴ: സ്പിൽ ഓവർ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കേണ്ടെന്ന സർക്കാർ നിലപാട് പുനഃപരിശോധിയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019- 20 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്തിന് സ്പിൽ ഓവറായി ലഭിക്കേണ്ടത് 59 കോടിയാണ്. എന്നാൽ മേയ് 15ന് ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം 2019-20 ബഡ്ജറ്റ് അലോക്കേഷന്റെ 20 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഇതു 19 കോടിയോളം വരും. ബാക്കി 40 കോടി ഈ വർഷത്തെ പദ്ധതിയിൽ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്. 2019-20 വാർഷിക പദ്ധതി 2018 ഡിസംബറിനുള്ളിൽ അംഗീകാരം വാങ്ങണമെന്ന സർക്കാർ ഉത്തരവിന്റെ അിടസ്ഥാനത്തിൽ പദ്ധതികൾ ഏറ്റെടുക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി വിഹിതത്തിൽ നിന്ന് സ്പിൽഓവർ തുക കണ്ടെത്താൻ സർക്കാർ ആവശ്യപ്പെടുമ്പോൾ അംഗീകാരം വാങ്ങിയ വികസന പദ്ധതികൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. ഇത് ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം വരെ സാങ്കേതിക അനുമതി നൽകിയ ജോലികൾ സ്പിൽ ഓവറായി തുടരുന്നതിനും ഈ വർക്കുകൾക്ക് തുക അനുവദിച്ചു തരുന്നതിനും തടസമുണ്ടായിരുന്നില്ല. എന്നാൽ 2018-19 മുതൽ കരാറെടുത്ത വർക്കുകൾക്ക് മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളുവെന്ന ഉത്തരവോടെ പഞ്ചായത്തിന്റെ പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. 2017-18 കാലയളവിലെ സ്പിൽ ഓവർ പദ്ധതികൾക്ക് തുക അനുവദിച്ചു നൽകണമെന്ന് കാണിച്ച് കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. പ്രളയത്തെതുടർന്നുള്ള ജില്ലയുടെ പുനർനിർമാണമാണ് ഉത്തരവോടെ തകർന്നിരിക്കുന്നത്. പ്രളയ പുനർ നിർമാണത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത 22.31 കോടിയുടെ ബില്ല് മാർച്ചിൽ സമർപ്പിച്ചപ്പോൾ ട്രഷറിയിൽ പണമില്ലാത്തിനാൽ മാറി കിട്ടിയിട്ടില്ല. ബിൽതുക ലഭിക്കാത്തതിനാൽ പല ജോലികളും ഏറ്റെടുക്കാൻ ഇപ്പോൾ കരാറുകാർ തയാറാകുന്നില്ലെന്നും കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, അംഗങ്ങളായ സി.വി. സുനിത, മനോജ്കുമാർ എന്നിവർ പങ്കെടുത്തു.