health

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ വീട്ടുമുറ്റത്തും പറമ്പുകളിലും ധാരാളമായി വളരുന്ന ഔഷധ സസ്യമാണ് തഴുതാമ. പുനർനവയെന്നാണ് സംസ്‌കൃത പേര്. ചാണകപ്പൊടി ചേർത്ത് തഴുതാമയുടെ തണ്ടുകൾ നടാം. വേനൽക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങൾക്കുള്ളിൽ തഴുതാമ പടർന്നുവളരും. വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു. ഔഷധഗുണത്തിൽ രണ്ടും ഒരു പോലെ തന്നെ.

മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേർത്ത് സ്വാദിഷ്ടമായ തോരൻ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പും ആരോഗ്യത്തിന് ഏറെ ഗുണകരം. രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീർക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

എല്ലാഭാഗങ്ങളും ഔഷധയോഗ്യമായ സസ്യമാണ് തഴുതാമ. കരളിനെയും വൃക്കയെയും കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാനും തലവേദനയെയും രക്താദിമർദ്ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നു. ആമവാതത്തിന് ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് തഴുതാമ. ഇതിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിലെ ചൊറിച്ചിൽ ശമിക്കാൻ വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിക്കാറുണ്ട്. കഫസംബന്ധമായ പ്രശ്‌നങ്ങൾക്കും തഴുതാമ ഗുണം ചെയ്യും.

ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം.

അസി.പ്രൊഫസർ, പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ്,

ചെറുതുരുത്തി, തൃശൂർ.