കണ്ണൂർ: എൽ .ഡി ക്ളാർക്ക് ടൈപ്പിസ്റ്റ്, എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിയിരിക്കെ പുതിയതായി എൽ.ഡി ടൈപ്പിസ്റ്റ് പരീക്ഷ വച്ചതിൽ ആശങ്കയുമായി ഉദ്യോഗാർത്ഥികൾ. 2016 ആഗസ്ത് 31 ന് വന്ന ലിസ്റ്റിൽ ഉൾപെട്ടവർക്ക് നിലവിൽ നിയമനം ലഭിക്കാത്ത അവസ്ഥയിലാണ് ജൂലായ് 6 ന് അടുത്ത പരീക്ഷ നിശ്ചയിച്ചിരിക്കുന്നത് .

അടുത്ത ആഗസ്ത് 31 വരെയാണ് നിലവിലെ ലിസ്റ്റിന്റെ കാലാവധി. ലിസ്റ്റ് വന്ന് മൂന്ന് വർഷമാകാറായിട്ടും റിട്ടയർമെന്റും പുതിയ ഒഴിവുകളും വളരെ കുറവാണ്. ഒാപ്പൺ കാറ്റഗറിയിൽ 58പേർക്കാണ് ഇതുവരെ നിയമനം നൽകിയത്.നിയമനങ്ങളിൽ അധികവും എൻ.ജി.ഡി(നോൺ ജോയിനിംഗ് ഡ്യൂട്ടി)യായിരുന്നു.

ഇപ്പോഴത്തെ ലിസ്റ്റിന് മുമ്പുള്ള 2012 ലെ ലിസ്റ്റിൽ നാലര വർഷം കൊണ്ട് നിരവധി പേർക്ക് ജോലി ലഭിച്ചിരുന്നു. 2016 ഡിസംബർ വരെ ഈ ലിസ്റ്റിൽ (2012)നിന്നാണ് നിയമനം നടത്തിയത്. ഇത് പുതിയ ലിസ്റ്റിൽപെട്ടവരുടെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് 2016ലെ റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ പരാതി. ചില സർക്കാർ ഓഫീസുകളിൽ അന്വേഷിച്ചാൽ ടൈപ്പിസ്റ്റ് ഒഴിവ് നിലവിൽ ഇല്ലെന്നാണ് മറുപടിയെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

ലിസ്റ്റിലെ പ്രായപരിധി കഴിഞ്ഞവർ ഏറെ ആശങ്കയിലാണ്. വളരെ കഷ്ടപ്പെട്ട് 100ൽ താഴെയുള്ള റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും ജോലി ലഭിക്കാത്ത സ്ഥിതിയാണുള്ളത്.അതിനാൽ പഞ്ചായത്തിൽ പുതിയ എൽ.ഡി ടൈപ്പിസ്റ്റ് തസ്തിക അനുവദിക്കണമെന്നും മറ്റ് വകുപ്പിലും പുതിയ തസ്തിക അനുവദിക്കണമെന്നുമാണ് എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്‌സ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

എൻ.ജി.ഡി വൈകുന്നു

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾക്ക് നിയമനം നൽകിയാൽ അയാൾ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ യോഗ്യത നേടിയ അടുത്ത ആൾക്ക് നിയമനത്തിനുള്ള ഒൗദ്യോഗിക അറിയിപ്പ് നോട്ടീസ് വഴി നൽകുന്നതാണ് എൻ.ജി.ഡി (നോൺ ജോയിനിംഗ് ഡ്യൂട്ടി).എന്നാൽ ഇത് നൽകുന്നതിൽ രണ്ട് മാസത്തോളം കാലതാസം എടുക്കുന്നുവെന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്.ലിസ്റ്റിന്റെ കാലവധി അവസാനിക്കാനിരിക്കെ ഒൗദ്യോഗിക അറിയിപ്പ് ലഭിക്കാൻ വൈകുന്നത് റാങ്ക് ഹോൾഡേഴ്സിനെ ആകെ ആശങ്കയിലാക്കുകയാണ്.

ഡാറ്റാ എൻട്രിയി നിയമനം പി.എസ്.സി വഴിയാക്കണം

പഞ്ചായത്തുകളിൽ ഡാറ്റാ എൻട്രിക്ക് വേണ്ട ആളുകളെ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.ഈ നിയമനം പി.എസ്.സി വഴിയാക്കിയാൽ 2016 എൽ.ഡി ടൈപ്പിസ്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അടക്കം ജോലി ലഭിക്കുമെന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്.

കോമൺ ലിസ്റ്റിൽപെട്ട ഈ രണ്ട് തസ്തികകളിലേക്കുള്ള നിയമനം പാടെ അവഗണിക്കപ്പെടുന്ന സ്ഥിതിയാണ് .എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലായ് 6 ന് പരീക്ഷ നടക്കാൻ പോകുകയാണ്. ഒഴിവുകൾ ഒന്നും ഇല്ലാത്ത സ്ഥിതിയിൽ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് വീണ്ടും ഈ തസ്തികയിലേക്ക് പരീക്ഷ നടത്തേണ്ട ആവശ്യം എന്താണ്.അത് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതിന് തുല്യമല്ലേ.

പി.പി.ഷമീന,റാങ്ക് ഹോൾ‌ഡർ