ward

കണ്ണൂർ: ഇത് പേരാവൂർ താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡ്. പ്ലേ സ്‌കൂളുകളെ വെല്ലുന്ന ഈ വാർഡിന്റെ ചുവരുകളിൽ ചിരിക്കുന്നത് മിക്കി മൗസും ഡോറയുമടക്കമുള്ള കാർട്ടൂൺ താരങ്ങളാണ്. നവീകരിച്ച മുറിയിൽ 22 കിടക്കകൾ, സൈക്കിളും മരക്കുതിരയും പാവകളുമടക്കം കളിപ്പാട്ടങ്ങൾ. ഇത്രയും പറയുമ്പോൾ ഇതാണോ വലിയ കാര്യമെന്ന് ചോദിക്കുന്നവരോടായി പറയാനുമുണ്ട് ഒരു കഥ. ശോചനീയാവസ്ഥയിലായിരുന്ന ഈ വാർഡ് മനോഹരമായതിന് പിന്നിൽ ചുരുങ്ങിയകാലം കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ അകാലത്തിൽ പൊലിഞ്ഞ ഒരു യുവഡോക്ടറുണ്ട്,​ ഡോ. ദീപക്.

2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരിച്ച ഡോ. ദീപക് കെ. തോമസിന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വാർഡ് നവീകരിച്ചത്. ഇതിനായി ദീപക്കിന്റെ സഹപാഠികളും കുടുംബവും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ചു.

ദീപക്കിന്റെ ചരമവാർഷികമായിരുന്ന കഴിഞ്ഞ 25ന് തന്നെ വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കാരണം നീണ്ടുപോകുകയായിരുന്നു. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്തും.

സ്വന്തം നാട്ടിൽ പ്ലേ സ്‌കൂൾ പോലൊരു ആശുപത്രി ദീപക്കിന്റെ വലിയ സ്വപ്‌നമായിരുന്നു. കേളകം കുണ്ടേരിയിലെ കളപ്പുരയ്‌ക്കൽ തോമസ് - മോളി ദമ്പതികളുടെ മകനായ ഡോ. ദീപക് കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനത്തിന് ശേഷമാണ് വയനാട് എടവക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഇതിനിടെ അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തും കാസർകോട് സ്വദേശിയുമായ ഡോ. എ.എസ്. ഇർഷാദിനൊപ്പം നേപ്പാളിലേക്ക് പോയി. എന്നാൽ ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന ഹോട്ടൽ തകർന്ന് രണ്ട് പേരും മരിച്ചു.