കണ്ണൂർ: ചുമർചിത്രങ്ങൾ കൊണ്ട് യാത്രക്കാരുടെ മനം നിറയ്ക്കാനൊരുങ്ങുകയാണ് കണ്ണൂർ റെയിൽവെസ്റ്റേഷൻ.മുക്കാൽ ഭാഗത്തോളം പൂർത്തിയായ ചിത്രപണികൾ ഈ മാസം അവസാനത്തോടെ പൂർണ്ണമാവും.ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്‌പോൺസർഷിപ്പിലാണ് ചുമർചിത്രനിർമ്മാണം പുരോഗമിക്കുന്നത്. മാഹിയിലെ മലയാള കലാഗ്രാമം ചിത്രകലാ അക്കാഡമിയാണ് ഇതിന്റെ കരാർ എറ്റെടുത്തിരിക്കുന്നത്. കലാഗ്രാമത്തിലെ ചുമർചിത്രവിഭാഗം അദ്ധ്യാപകനായ നിബിൻ രാജിന്റെ നേതൃത്വത്തിലുളള 15 വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് ചിത്രങ്ങൾ വരച്ചുക്കൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യക്കോലങ്ങളും ഇന്ത്യൻ സ്വാതന്ത്യ്രസമരവും ക്രിക്കറ്റുമെല്ലാം കണ്ണൂർ സ്റ്റേഷന്റെ ചുമരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുകയാണ്.മാർച്ച് 15നാണ് ചുമർചിത്രപ്പണി ആരംഭിച്ചത്.നിബിൻ രാജ് സ്റ്റേഷൻ ബ്യൂട്ടിഫിക്കേഷൻ പ്രോജക്‌ട് എന്ന പേരിൽ തുടങ്ങിയ പദ്ധതിയാണിത്.പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിച്ചൊരുക്കിയ അടിപ്പാതയിൽ ചുമർച്ചിത്രങ്ങൾ കൂടി വന്നതോടെ സ്റ്റേഷന്റെ പ്രൗഢി വർദ്ധിച്ചിട്ടുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം
1 ടിക്കറ്റ് കൗണ്ടറുകളുടെ കുറവ്
2 ടിക്കറ്റ് വെന്റിംഗ് മെഷീനുകളിലെ പതിവ് തകരാർ.
3.നാലാം പ്ളാറ്റ് ഫോം
അടിയന്തിര വിഷയങ്ങൾ ബാക്കി
കണ്ണൂർ റെയിൽവേസ്റ്റേഷനിൽ .വികസനപ്രവർത്തനങ്ങൾ ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ടെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങൾ ഇന്നും അവഗണനയിലാണ്.നിലവിൽ മൂന്നു പ്ലാറ്റ്ഫോം ഉണ്ടെങ്കിൽക്കൂടിയും റെയിൽവേസ്‌റ്റേഷനിലെ തിരക്ക് ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാലാംപ്ളാറ്റ് ഫോമിന് ആവശ്യമുയരാൻ തുടങ്ങി കാലങ്ങളായി. നിലവിൽ നാലാംപാത ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് വിട്ടുകിട്ടിയാൽ മാത്രമേ സാധാരണ പാസഞ്ചർ ട്രെയിനുകൾക്ക് ഉപയോഗിക്കാൻ സാധിക്കു. ബി.പി.സി.എല്ലിന് ഈ റെയിൽ മാറ്റണമെങ്കിൽ ഒരു കോടിയോളം ചിലവു വരും. ഇതാണ് ബി.പി.സി.എൽ ഇതിന് തയ്യാറാകാത്തതിന് പിന്നിൽ .കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.