നേരത്തെ സെൻസസ് നടത്തിയത് 13,5000 എന്യൂമറേറ്റ‌ർമാർ

ഇത്തവണ 3000 ൽ താഴെവരുന്ന ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നടന്നുവരുന്ന ഇരുപതാമത് കന്നുകാലി സെൻസസ് പാതിവഴിയിൽ നിർത്തി. ആവശ്യമായ സമയം അനുവദിക്കാതെയാണ് കേന്ദ്ര കൃഷിവകുപ്പ് സംസ്ഥാനത്തെ കന്നുകാലി കണക്കെടുപ്പിന് തഴുതിട്ടത്.
മൂന്നുമാസക്കാലം കൊണ്ട് പൂർത്തീകരിക്കേണ്ടുന്ന സെൻസസ് നടത്തുവാൻ കേരളത്തിൽ കഷ്ടിച്ച് രണ്ടുമാസം പോലും ലഭിച്ചിരുന്നില്ല.

മേയ് ഒന്നുമുതൽ കേന്ദ്രം സെർവർ നിർത്തിവച്ചിരിക്കുകയാണ്. കൃഷി, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലകളിൽ അടുത്ത അഞ്ചുവർഷത്തേക്കുള്ള പദ്ധതികളും ഫണ്ട് നീക്കിവെപ്പും നടത്തുവാനുള്ള സുപ്രധാന രേഖയാണ് സെൻസസ്.
പ്രളയത്തെ തുടർന്നാണ് കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ വൈകിയത്. പിന്നീട് സൂര്യാഘാത മുന്നറിയിപ്പ് വന്നതും ഫീൽഡിൽ പ്രയാസം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചില മേഖലകളിൽ അതും വിവര ശേഖരണത്തിന് തടസമായി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം കത്തു നൽകിയിരുന്നു. ഇതു നിരസിച്ചുകൊണ്ടാണ് മേയ് ഒന്നു മുതൽ സെർവർ അടച്ചിട്ടത്.
സംസ്ഥാനത്ത് ഫെബ്രുവരിയിൽ തുടങ്ങാനിരുന്ന സെൻസസ് വാർഡുകളുടെ സ്പെഷ്യൽ മേപ്പിംഗ് നടക്കാത്തതിനാൽ മാർച്ച്
രണ്ടാം വാരത്തിലേക്ക് നീട്ടുകയായിരുന്നു. കാസർകോട് ജില്ലയിൽ സെൻസസ് ആരംഭിച്ചത് റവന്യു മന്ത്രിയുടെ വീട്ടിലെ കന്നു കാലി കണക്കുകൾ ശേഖരിച്ചു കൊണ്ടായിരുന്നു.
2011 ൽ 13500 എന്യൂമറേറ്റർമാർ ചെയ്തിരുന്ന ജോലിയാണ് ഇക്കുറി കേന്ദ്ര നിർദ്ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിലെ 3000 ൽ താഴെവരുന്ന ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെ കൊണ്ട് ചെയ്യിച്ചത്.

ദോഷകരം

പ്രകൃതി ദുരന്തങ്ങൾ മൂലം വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പാതിവഴിയിൽ കണക്കെടുപ്പ് നിർത്തുന്നതോടെ കൃത്യമായ വിവരം ആസൂത്രണ ബോർഡിന് ലഭിക്കാതെ വരും. ഇത് വരും വർഷങ്ങളിൽ പദ്ധതി പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.