ചെറുവത്തൂർ: ബസ്സുകൾ ബസ് സ്റ്റാൻഡ് അവഗണിച്ചു സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവരുന്നു. ചെറുവത്തൂർ നഗരത്തിലാണ് യാത്രക്കാരോട് ബസ് ജീവനക്കാരുടെ ക്രൂരവിനോദം.

രാവിലെ ഏഴുമണിക്ക് മുമ്പും രാത്രി ഏഴുമണിക്ക് ശേഷവുമാണ് ബസുകൾ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ ദേശീയ പാത കേന്ദ്രീകരിച്ചു സർവീസ് നടത്തുന്നത്. അതുകൊണ്ട് സ്ഥലം പരിചയമില്ലാത്ത ചെറുവത്തൂർ നഗരത്തിലെത്തുന്ന അന്യ നാട്ടുകാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകളും കുട്ടികൾക്കുമൊക്കെ ഈ സമയങ്ങളിലെ ബസ് യാത്ര ദുരിതമയമായി.
ബസ് സ്റ്റാൻഡിൽ ഏറെ സമയം നിന്ന ശേഷമാണു സർവീസ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കില്ലെന്ന് യാത്രക്കാർ അറിയുന്നത്.

നിത്യേനയുള്ള യാത്രക്കാർ ദേശീയ പാതയിലെത്തി ബസ് പിടിക്കുകയാണ്. ദേശീയപാതയിൽ ആളൊഴിഞ്ഞ നേരത്ത് സ്ത്രീകൾക്ക് ഒറ്റക്ക് ബസ് കാത്തുനിൽക്കേണ്ടി വരുന്നത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്.

ദേശീയപാതയിൽ നിന്നും അൻപത് മീറ്റർ മാത്രം ദൂരമാണ് ബസ് സ്റ്റാൻഡിലേക്കുള്ളത്. യാത്രക്കാരന്റെ സൗകര്യങ്ങൾ പരിഗണിക്കാതെയുള്ള ബസ് ജീവനക്കാരുടെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരേ നടപടികൾ സ്വീകരിക്കാൻ ഒരു ഹോം ഗാർഡ് പോലും സ്ഥലത്ത് ഉണ്ടാകാറില്ല. പ്രദേശത്തെ ചില ജനപ്രതിനിധികൾക്കും ബസ് ജീവനക്കാരുടെ തലതിരിഞ്ഞ സർവിസിനെക്കുറിച്ച് അറിയാമെങ്കിലും പ്രതികരിക്കാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.

രോഗിയെ വഴിയിൽ ഇറക്കിവിട്ടു

ഇന്നലെ രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി പോകാനായി നീലേശ്വരത്ത് നിന്നും പുറപ്പെട്ട ഒരു സ്ത്രീ , ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ കൂട്ടിനുള്ള ആൾ കാത്തു നിൽപ്പുണ്ടെന്നും പറഞ്ഞാണ് ടിക്കറ്റ് വാങ്ങിയത്. എന്നാൽ ബസ് ചെറുവത്തൂരിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡിലേക്ക് കയറാൻ കൂട്ടാക്കിയില്ല. കൂട്ടിനുള്ള ആളെ കണ്ടെത്താൻ കഴിയാതെ സ്ത്രീ കുഴങ്ങി. അവസാനം ഈ രോഗിയായ സ്ത്രീയെ കണ്ടക്ടർ ദേശീയപാതയിൽ പിടിച്ചിറക്കുകയായിരുന്നുവത്രെ.