കണ്ണൂർ: കള്ളവോട്ടിനെ 'ജനാധിപത്യ വോട്ടായി' ചിത്രീകരിക്കുന്നവരാണ് സി.പി.എം എന്നും ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം അവസാനിപ്പിക്കുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും യു.ഡി.എഫ് കണ്ണൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ. സുധാകരൻ. ഇക്കാര്യത്തിൽ യു.ഡി.എഫ് പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്ന് സുധാകരൻ 'ഫ്ളാഷി'നോട് പറഞ്ഞു.
യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഒന്നോ രണ്ടോ കള്ളവോട്ടുകൾ ചെയ്തുകാണും. എന്നാൽ അതൊന്നും പാർട്ടികൾ കൊടുത്ത നിർദ്ദേശത്തിന്റെ ഭാഗമായി ചെയ്യുന്നതല്ല. സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന് പറയുന്നത് പാർട്ടി കൊടുക്കുന്ന നിർദ്ദേശപ്രകാരമാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംഘടിതമാണ്. കള്ളവോട്ട് 'ജനാധിപത്യ വോട്ടായി' അവകാശപ്പെടുകയാണ് സി.പി.എം. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തു എന്ന് പറഞ്ഞപ്പോൾ മജീദ് സാഹിബ് നടപടി എടുക്കുമെന്ന് പറഞ്ഞില്ലേ? എന്നാൽ, സി.പി.എം കള്ളവോട്ടിനെ ഓപ്പൺ വോട്ടായി ന്യായീകരിക്കുകയല്ലേ.
വാഹനവും സാമഗ്രികളും
എല്ലാ തിരഞ്ഞെടുപ്പിനും തലേന്ന് സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ഒരു വാഹനം ലോക്കൽ കമ്മിറ്റി ഓഫീസുകളിലേക്ക് പോകാറുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളാണ് ഇതിലുണ്ടാവുക. അതിലൊന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൈവിരലിൽ പുരട്ടുന്ന മഷി മായ്ച്ച് കളയാനുള്ള രാസവസ്തുവായിരിക്കും. മറ്റൊന്ന് റിസൾട്ട് ഷീറ്റാണ് (ബൂത്ത് എജന്റുമാർക്ക് എത്രപേർ വോട്ട് ചെയ്തു എന്ന് മാർക്ക് ചെയ്യാനുള്ളത്). യു.ഡി.എഫും ബന്ധപ്പെട്ട കമ്മിറ്റികൾക്ക് റിസൾട്ട് ഷീറ്റുകൾ കൊടുക്കാറുണ്ട്. പക്ഷേ, ഞങ്ങളുടെ പട്ടികയിൽ ഇല്ലാത്ത ഒരു കോളം സി.പി.എമ്മിന്റെ ലിസ്റ്റിലുണ്ട്. അത് 'ജനാധിപത്യ വോട്ട്' എന്ന് രേഖപ്പെടുത്താനാണ്. എഴുതുന്നത് ഇങ്ങനെയാണെങ്കിലും ഉദ്ദേശിക്കുന്നത് കള്ളവോട്ട് തന്നെ.
വസ്തുത ഇതാണ്
കാലാകാലങ്ങളായി സി.പി.എം നടത്തുന്ന കള്ളവോട്ടിനെതിരായ പോരാട്ടത്തിൽ യു.ഡി.എഫ് അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്നത് ശരിയല്ല. വസ്തുത നേരെ മറിച്ചാണ്. ജില്ലാ കളക്ടറുടെ കസ്റ്റഡിയിലിരിക്കുന്ന പോളിംഗിന്റെ ദൃശ്യങ്ങൾ സി.പി.എമ്മിന് നിമിഷനേരം കൊണ്ട് ലഭിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തിൽ ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് സി.പി.എം ദൃശ്യങ്ങൾ കരസ്ഥമാക്കുന്നത്. എന്നാൽ യു.ഡി.എഫിന്റെ സ്ഥിതി ഇതല്ല. പാമ്പുരുത്തിയിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ സി.പി.എമ്മിന് അവസരം കൊടുത്തില്ലേ? എന്നാൽ ഇത്തരം അവസരങ്ങൾ യു.ഡി.എഫിനില്ല. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകി കഴിഞ്ഞു. എന്നാൽ ദൃശ്യങ്ങൾ ബോധപൂർവം താമസിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരത്തിൽ തങ്ങളോട് പെരുമാറുകയും സി.പി.എമ്മുകാർക്ക് സ്വകാര്യമായി ദൃശ്യങ്ങൾ പരിശോധിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് ദൃശ്യങ്ങൾ കിട്ടാത്തതുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് നൽകാൻ കഴിയാത്തത്.
400 പേരുടെ പട്ടിക
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത 400 ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ പ്രക്രിയ അവസാനിപ്പിക്കില്ല. തുടരുകതന്നെ ചെയ്യും. ഈ 400 ആളുകളുടേയും പേരിൽ പൊലീസിൽ പരാതി കൊടുക്കാൻ പോവുകയാണ്. കള്ളവോട്ട് ചെയ്തവരുടെ പേരിൽ ക്രിമിനൽ കേസുകളാണ് കൊടുക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.