കാസർകോട്: കള്ളവോട്ട് വിവാദമായതോടെ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെ യോഗങ്ങൾ നേരിട്ട് വിളിച്ചുകൂട്ടുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും പ്രത്യേകമായാണ് ബൂത്ത് ഏജന്റുമാരെ ഉണ്ണിത്താൻ വിളിച്ചു ചേർക്കുന്നത്.

കാസർകോട് നിയോജക മണ്ഡലം ഏജന്റുമാരുടെ യോഗം ഇന്നലെ രാവിലെയും മഞ്ചേശ്വരം മണ്ഡലത്തിലെ യോഗം ഉച്ചയ്ക്ക് ശേഷവും നടന്നു. തിങ്കളാഴ്ച രാവിലെ ഉദുമ മണ്ഡലത്തിലെയും ഉച്ചയ്ക്ക് ശേഷം കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തിലെയും ബൂത്ത് ഏജന്റുമാരുടെ യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്.

കള്ളവോട്ട് സംബന്ധിച്ച് ബൂത്തുകളിലെ സ്ഥിതിഗതികൾ നേരിട്ട് ശേഖരിക്കാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജന്റുമാരുടെ ബൂത്തുകളിലെ അനുഭവങ്ങൾ മനസിലാക്കാനുമാണ് സ്ഥാനാർത്ഥി തന്നെ മുൻകൈ എടുത്തു ഏജന്റുമാരെ കാണുന്നതെന്ന് പറയുന്നു. കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ ബൂത്ത് ഏജന്റുമാരുടെ യോഗവും വിളിച്ചു ചേർക്കുന്നുണ്ട്.

അബ്ദുൾ കരീം വർക്കിംഗ് പ്രസിഡന്റ്,
അശോകൻ നായർ വർക്കിംഗ് സെക്രട്ടറി
കാസകോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി കെ.എ. അബ്ദുൽ കരീം സിറ്റി ഗോൾഡിനെയും സംസ്ഥാന വർക്കിംഗ് സെക്രട്ടറിയായി കോടോത്ത് അശോകൻ നായരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റായി ജസ്റ്റിൻ പാലത്രയെയും ജനറൽ സെക്രട്ടറിയായി പി.സി നടേശനെയും വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.വി തോമസ് (ട്രഷറർ), പി.കെ അയമു ഹാജി (വർക്കിംഗ് പ്രസിഡന്റ്), രാജൻ ജെ. തോപ്പിൽ (വർക്കിംഗ് ജനറൽ സെക്രട്ടറി), എ.ബി പാലത്ര (വർക്കിംഗ് സെക്രട്ടറി), പി.എം തോമസ്, കെ.എം ജലീൽ, എം.ജെ അലക്സ്, എം.വി.ജെ മണി, എം. നാദിർഷ, എസ്. രാധാകൃഷ്ണൻ, ജോസ് വർക്കി, മാത്യു കണ്ടിരിക്കൽ, ബാബു ആലപ്പാട്ട് (വൈസ് പ്രസിഡന്റുമാർ), വി. മൊയ്തു, കെ.പി ഭാസ്‌കരൻ, സി. വിജയൻ (ജോയിന്റ് സെക്രട്ടറിമാർ).

തീവണ്ടിക്കു നേരെ വീണ്ടും കല്ലേറ്,
ആർ.പി.എഫ് അന്വേഷിക്കുന്നു
കാസർകോട്: തീവണ്ടിക്കു നേരെ വീണ്ടും കല്ലേറുണ്ടായ സംഭവത്തെ കുറിച്ച് കാസർകോട് ആർ.പി.എഫും റെയിൽവെ പൊലീസും അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചു മണിയോടെ മംഗളുരു കണ്ണൂർ പാസഞ്ചർ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പടന്നക്കാട് സ്വദേശി മൊയ്തീൻ നസീമ ദമ്പതികളുടെ മകൾ കെ. ഫാത്തിമക്ക് (15) ആണ് മുഖത്ത് പരിക്കേറ്റത്. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. രക്ഷിതാക്കളുടെ കൂടെ മംഗളുരു പോയി നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. കുമ്പള സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം.

കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ ഭാഗങ്ങളിൽ നേരത്തെ തീവണ്ടിക്ക് നേരെ കല്ലേറ് പതിവായിരുന്നു. എന്നാൽ കുമ്പള ഭാഗത്ത് ഇത് ആദ്യത്തെ സംഭവമാണെന്നും തങ്ങൾ അന്വേഷിക്കുകയാണെന്നും കാസർകോട് ആർ.പി.എഫ് എസ്.ഐ സഞ്ജയ് പറഞ്ഞു.