വടി പിടിച്ചാൽ ഭാഗ്യം കൈവരും. അങ്ങ് ജപ്പാനിലാണ് ഇങ്ങനെയൊരു ആചാരം. എന്നാൽ, വെറുതെ വടി പിടിക്കാനൊന്നുമാവില്ല. സ്ത്രീകൾക്ക് ഇക്കാര്യം ആലോചിക്കാനേ കഴിയില്ല. പുരുഷന്മാരെ മാത്രമാണ് ഈ ആഘോഷത്തിൽ പങ്കെടുപ്പിക്കുക. അതും നാണം നോക്കി നിന്നാൽ ഭാഗ്യം കൈവരില്ല. നഗ്നരായേ പറ്റൂ. ഒക്കയാമയിലെ സൈദൈജി ക്ഷേത്രത്തിന് മുന്നിലായാണ് ഈ വടി പിടിക്കൽ ആഘോഷം നടക്കാറുള്ളത്.
അഞ്ഞൂറ് വർഷത്തിലധികമായി ഇത് നടന്നുവരുന്നതായാണ് പറയുന്നത്. പങ്കെടുക്കുന്ന പുരുഷന്മാർ നാണം മറയ്ക്കാനുള്ള ഒരു തുണ്ട് തുണി മാത്രം ധരിക്കും. ക്ഷേത്രത്തിലെ പൂജാരിയാണ് വടിയെറിഞ്ഞു കൊടുക്കുക. പതിനായിരങ്ങൾ ഇത് പിടിക്കാനുള്ള മത്സരം തന്നെ നടത്തും. ആരൊക്കെ വടിയിൽ പിടിക്കുന്നുവോ അവർക്ക് ആ വർഷം ദോഷങ്ങളെ പേടിക്കേണ്ട എന്നാണ് വിശ്വാസം. നിരവധിപേരാണ് കേട്ടറിഞ്ഞും മറ്റും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. തണുപ്പത്ത് നഗ്‌നരായി ആഘോഷത്തിൽ പങ്കെടുക്കുന്നത് വെല്ലുവിളി തന്നെയാണ്. എന്നാൽ ചെറുപ്പക്കാർ ഈ മത്സരത്തെ ചലഞ്ചായി ഏറ്റെടുക്കുന്നു. എന്നുവച്ച് ഇത് ചെറുപ്പക്കാരുടെ മാത്രം ആഘോഷമല്ല, വൃദ്ധരും മത്സരത്തിനിറങ്ങും.
എന്നാൽ പുതിയ കാലത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ചില നിബന്ധനകളും വച്ചിട്ടുണ്ട്. ഇതിലേറെ കൗതുകകരം സ്വന്തം രക്തഗ്രൂപ്പ് കടലാസിലെഴുതി കൈയിൽ സൂക്ഷിക്കണമെന്നുള്ളതാണ്. കാരണം വേറൊന്നുമല്ല. ചിലപ്പോൾ ആഘോഷത്തിനിടെ അപകടമുണ്ടായേക്കാം. ഗുരുതരമായി പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ കൂടിയാണിത്. പരിക്കേൽക്കുന്നവർക്ക് രക്തം വേണ്ടിവന്നാൽ ഉടനടി ഏർപ്പാട് ചെയ്യാനാകുമെന്നാണ് സംഘാടകർ പറയുന്നത്.