പയ്യന്നൂർ: ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതൽ 16 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വിവിധ കരക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന കലവറ ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കമാവും.
രാത്രി എട്ടിന് വിഷ്ണുമൂർത്തിയുടെയും 10 ന് രക്തചാമുണ്ഡിയുടെയും തോറ്റങ്ങൾ അരങ്ങിലെത്തും. ആറിന് രാവിലെ 9 ന് രക്തചാമുണ്ഡിയും ഉച്ചക്ക് 12 ന് വിഷ്ണുമൂർത്തിയും ഉറഞ്ഞാടും. സമാപന ദിവസം രാവിലെ എട്ടിന് രക്തചാമുണ്ഡിയും 12 ന് വിഷ്ണുമൂർത്തിയും അരങ്ങിലെത്തും. മറ്റുദിവസങ്ങളിൽ രാത്രിയിൽ തോറ്റങ്ങളും തെയ്യങ്ങളും ഉണ്ടാവും. ഉത്സവത്തിന്റെ ഭാഗമായി 11 ന് ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ലക്ഷം ദീപം സമർപ്പണം നടക്കും.
ഉത്സവദിവസങ്ങളിൽ രാത്രിയിലും ഉച്ചയ്ക്കും അന്നദാനം ഉണ്ടാവും. ഉത്സവനാളുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കെ.എം. ദാമോദരൻ, കെ. ശ്രീധരൻ, സി.പി. ഗംഗാധരൻ, രാകേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.