bogus-vote
bogus vote

കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂൾ ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി മുസ്ലിംലീഗ് പ്രവർത്തകൻ കെ.എം. മുഹമ്മദ് ജില്ലാ കളക്ടർ മുമ്പാകെ സമ്മതിച്ചു. കളക്ടർ ഡോ. സജിത് ബാബുവിന് മൊഴി നൽകിയ മുഹമ്മദ് ആദ്യം സ്വന്തം വോട്ട് ചെയ്തെന്നാണ് പറഞ്ഞിരുന്നത്. കംപാനിയൻ വോട്ട് അടക്കം മൂന്ന് വോട്ടുകൾ ചെയ്തതായി പിന്നീട് സമ്മതിക്കുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായ ബൂത്ത് ഏജന്റിനെതിരെയും മുഹമ്മദ് മൊഴി നൽകി. ബൂത്ത് ഏജന്റ് പ്രേരിപ്പിച്ചതു കൊണ്ടാണ് കള്ളവോട്ട് ചെയ്തതെന്നാണ് മൊഴി. തുടർന്ന് ബൂത്ത് ഏജന്റിനെതിരെയും നിയമ നടപടി എടുക്കണമെന്ന് ജില്ലാ കളക്ടർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ശുപാർശ ചെയ്തു. കള്ളവോട്ട് അറിഞ്ഞില്ലെന്നു മൊഴി നൽകിയ പോളിംഗ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.