തൃക്കരിപ്പൂർ: ഖസാക്കിന്റെ ഇതിഹാസമടക്കം നിരവധി ക്ലാസിക്കുകൾ നാടക പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയുടെ പ്രശസ്തമായ നാടകം 'ദൈവം മരിച്ചു' പുനരവതരണത്തിന് ഒരുങ്ങുന്നു.

അരനൂറ്റാണ്ടു മുമ്പ് അന്നത്തെ ജീവിത സാഹചര്യങ്ങളുടെ നേർപതിപ്പായി അരങ്ങിലെത്തിച്ച നാടകം, കെ.എം.കെയുടെ പി. കോരൻ മാസ്റ്റർ സ്മാരക വജ്ര ജൂബിലി ഹാൾ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി 12 നു രാത്രി എട്ടിന് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ അവതരിപ്പിക്കും. നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ ഇന്നലെ കെ.എം.കെയിൽ നടന്നു.

ആരും ചീത്തയായി ജനിക്കുന്നില്ല. അത്തരത്തിൽ വളരാൻ ആഗ്രഹിക്കുന്നുമില്ല. സാഹചര്യങ്ങളും സമ്മർദ്ദങ്ങളുമാണ് ഓരോരാളുടെയും സ്വഭാവങ്ങൾ നിയന്ത്രിക്കുന്നതെന്ന് നാടകം ചൂണ്ടിക്കാണിക്കുന്നു. ആരും അനാഥരാവരുത്, ഒറ്റപ്പെടരുത് എന്ന സന്ദേശം കൂടി നാടകം തുറന്നുകാട്ടുന്നു.

1968-ലാണ് ദൈവം മരിച്ചു നാടകം കെ.എം.കെ ആദ്യമായി രംഗത്തെത്തിക്കുന്നത്. എം.വി ഗോവിന്ദൻ, കെ. നാരായണൻ, പരേതരായ കെ. ചന്തു, സി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവരായിരുന്നു അന്ന് അരങ്ങിൽ. അന്ന് നാടകത്തിൽ നിറഞ്ഞുനിന്ന കൊച്ചാപ്പുവിന്റെ വേഷം കൈകാര്യം ചെയ്ത കെ. ചന്തുവിന്റെ ആറാം ചരമ വാർഷികത്തിലാണ് നാടകം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

നിരവധി നാടകങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി കൃഷ്ണൻ സംവിധാനവും ഗാനരചനയും നിർവ്വഹിക്കുന്നു. കടവൂർ ജി. ചന്ദ്രൻ പിള്ളയാണ് രചന. സംഗീതം എം.പി രാഘവൻ, രാജേഷ് തൃക്കരിപ്പൂർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സംഗീത നിയന്ത്രണം രാജേഷ് തൃക്കരിപ്പൂർ. ചമയം വിനീഷ് ചെറുകാനം, ദീപ നിയന്ത്രണം രവി പട്ടേന, രംഗപടം സുരഭി ഇയ്യക്കാട്. അരങ്ങത്ത് വത്സരാജ് തൃക്കരിപ്പൂർ, പി.സി ഗോപാലകൃഷ്ണൻ, സതീഷ് കണ്ണൻ, ടി.കെ മുരളി, പവിത്രൻ കൈക്കോളന്റെ, കെ. അമ്പു, ദിനേശൻ തങ്കയം, മിനി രാധൻ, ഫ്രാൻസി, ശശി വടകര, സതീശൻ പേക്കടം, എം.വി മധു, ടി.വി പ്രശാന്ത്, നിരുപംസായ്, ശ്രീശാന്ത്, ഹൃതിഷ്ണ, ജിഷ്ണു, കെ ശ്രീധരൻ.

കടുത്ത ജീവിത സാഹചര്യങ്ങളിൽ ഉഴലുന്ന സഹജീവിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക, അനാഥശവങ്ങളെ മാന്യമായി സംസ്കരിക്കുക തുടങ്ങിയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ അര നൂറ്റാണ്ടു മുമ്പുതന്നെ കെ.എം.കെയും അതിനെ നിയന്ത്രിക്കുന്ന തൃക്കരിപ്പൂരിലെ സോഷ്യലിസ്റ്റ് പ്രവർത്തകരും മുന്നിട്ടിറങ്ങിയിരുന്നു. ഇത്തരം വിപ്ലവകരമായ പ്രവർത്തനങ്ങളാണ് ഈ നാടകത്തിലൂടെ കെ.എം.കെ ചൂണ്ടിക്കാണിക്കുന്നത്.