മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും കൺവെൻഷൻ സെന്ററും നിർമ്മിക്കാൻ നടപടി തുടങ്ങി. ഇതിനായി കിയാൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒരു ബഡ്ജറ്റ് ഹോട്ടൽ, ഫോർ സ്റ്റാർ ഹോട്ടൽ, ഡേ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവയാണ് നിർമിക്കുന്നത്. ഏതാനും ഏജൻസികൾ ഇതിനകം താത്പര്യമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. കൂടുതൽ ടെൻഡറുകൾ ലഭിക്കുന്നതിനായി കിയാൽ കാലാവധി നീട്ടി നൽകിയിരിക്കുകയാണ്.
വിമാനത്താവളത്തിന് അനുബന്ധമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഭാഗമായാണ് ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും നിർമിക്കുന്നത്. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് ഇവ നിർമിക്കുക. നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസികൾ നിശ്ചിത ലാഭവിഹിതം കിയാലിന് നൽകണം.
വിമാനത്താവളത്തിന് സമീപം 15 ഏക്കർ സ്ഥലത്താണ് കൺവെൻഷൻ സെന്റർ സ്ഥാപിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കാനും വിനോദ സഞ്ചാരികൾക്ക് താമസിക്കാനുമുള്ള സൗകര്യമുണ്ടാകും. ഡേ ഹോട്ടൽ വിമാനത്താവളത്തിനകത്താണ് പ്രവർത്തിക്കുക. ഇതിന്റെ നടത്തിപ്പ് കിയാൽ നേരിട്ട് ഏറ്റെടുക്കും.
കണ്ണൂരിലെ ഹോട്ടൽ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും വിനോദസഞ്ചാരികളും നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാനാണ് കിയാലിന്റെ നേതൃത്വത്തിൽ തന്നെ ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നത്. ആശുപത്രി, പാർക്കുകൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമായി വിമാനത്താവള പരിസരത്ത് ഉയർന്നുവരും.
വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഫുഡ് കോർട്ടുകളും ഇതുവരെ തുറന്നിട്ടില്ല. ഇവ സംബന്ധിച്ച ടെൻഡർ നടപടികൾ പുരോഗിക്കുകയാണ്. കഫറ്റീരിയകൾ, റീട്ടെയിൽ ഷോറൂം എന്നിവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.