കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ പഴയ ജില്ലാശുപത്രി കോമ്പൗണ്ടിൽ നിർമ്മാണം തുടങ്ങിയ അമ്മയും കുഞ്ഞും ആശുപത്രിക്ക് സ്ഥലപരിമിതി ഭീഷണിയാകുന്നു.
ഫെബ്രുവരി 3ന് മന്ത്രി കെ.കെ ശൈലജയാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. നിർമ്മാണം പുരോഗമിക്കുമ്പോഴും സ്ഥലപരിമിതി നിർമ്മാണ പ്രവർത്തികൾക്ക് തടസ്സമാകുകയാണ്. കോട്ട മതിലിനോട് ചേർന്ന് അഞ്ചുമീറ്റർ അകലത്തിലാണ് ആശുപത്രി കെട്ടിടം പണിയുന്നത്. കോമ്പൗണ്ട് മുഴുവനായി കെട്ടിടം വ്യാപിച്ചുകിടക്കുകയാണ്.
9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ നിർമ്മാണത്തിന് 6 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കോംപൗണ്ടിലെ മറ്റൊരു സ്ഥലം കേന്ദ്രീയ വിദ്യാലയം ഉപയോഗിക്കാതെ കിടപ്പുണ്ട്. ഈ സ്ഥലം കൈമാറിയാൽ സ്ഥലപരിമിതി ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ഇതുവഴി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ പണി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനും സാധിക്കും. അഞ്ച് നിലകളിലായാണ് ആശുപത്രി കെട്ടിടം പണി പൂർത്തിയാകുന്നത്. 24 മാസമാണ് പദ്ധതി കാലാവധി.
കേന്ദ്രീയ വിദ്യാലയം
ഗുരുവനത്തിൽ കേന്ദ്രീയ വിദ്യാലയ കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞതാണ്. കുടിവെള്ള സൗകര്യമില്ല എന്ന കാരണം കൊണ്ടാണ് വിദ്യാലയ പ്രവർത്തനം ഗുരു വനത്തേക്ക് മാറ്റാത്തത്. കുടിവെള്ളത്തിന് ജില്ലാ ഭരണകൂടം ഇടപെട്ട് സൗകര്യം ഒരുക്കുകയാണെങ്കിൽ വിദ്യാലയം അവിടേക്ക് മാറ്റാൻ സാധിക്കും.