കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. പ്രദീപിന്റെ നേതൃത്വത്തിലാണ് മണികണ്ഠനെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ആരോപണങ്ങൾ എല്ലാം ചോദ്യം ചെയ്യലിൽ മണികണ്ഠൻ നിഷേധിച്ചു. പെരിയ കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതേക്കുറിച്ച് ഒന്നും അറിയില്ലെന്നും കൊലപാതകം നടന്ന കല്യോട്ട് പ്രദേശം പാർട്ടിയുടെ ഉദുമ ഏരിയ കമ്മിറ്റിയുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശം അല്ലെന്നും ബോധപൂർവം തന്നെ കുടുക്കാൻ ശ്രമിക്കുന്നതാണെന്നും മണികണ്ഠൻ പറഞ്ഞതായാണ് അറിയുന്നത്.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി മണികണ്ഠന്റെ പേര് പരാമർശിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികളെ സഹായിച്ചു എന്ന ആരോപണമാണ് ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു ചോദ്യംചെയ്യൽ.
അതിനിടെ കേസിൽ അറസ്റ്റിലായ 12-ാം പ്രതി ആലക്കോട് മണി എന്ന് വിളിക്കുന്ന ചുമട്ടു തൊഴിലാളി പനയാൽ കളിച്ചാൻ മരത്തിങ്കൽ ബി. മണികണ്ഠനെ (35) ഹൊസ്ദുർഗ് ജെ.എഫ്.സി.എം കോടതി ജാമ്യത്തിൽവിട്ടു. പ്രതികളുടെ ചോരക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിക്കുകയും പുതിയവസ്ത്രം നൽകിയ ശേഷം വാഹനത്തിൽ ചട്ടഞ്ചാൽ പാർട്ടി ഓഫീസിൽ ഒളിവിൽ പാർപ്പിക്കുകയും ചെയ്തത് മണിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രമേ ചാർജ് ചെയ്തിട്ടുള്ളു. അസുഖം കാരണം സ്ഥിരമായി ഡയാലിസിന് വിധേയമാകണം എന്ന പ്രതിയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.