തലശ്ശേരി:ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതികളുടെ ദേഹത്തേക്ക് ബൊലേറോ ഓടിച്ചുകയറ്റിയ യുവാവിനെ ഒരു മാസം പിന്നിടുമ്പോഴും കണ്ടെത്താനായില്ല. ലൈസൻസ് ഇല്ലാത്ത ഈയാളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി മാത്രമാണ് തലശ്ശേരി പൊലീസ് നൽകുന്ന വിവരം .പ്രതി ഒളിവിലാണെന്നാണ് ഇപ്പോഴും പോലീസ് ഭാഷ്യം.

ഏപ്രിൽ ആദ്യവാരത്തിലാണ് ഓർക്കാപ്പുറത്ത് അശ്രദ്ധയോടെ ചീറിയെത്തിയ ബൊലേറോ ഇടിച്ച് മൂന്ന് യുവതികൾക്ക് പരിക്കേറ്റത്. ഇവരിൽ പൊന്ന്യം കുണ്ടുചിറയിലെ സ്‌നേഹിമയിൽ സ്‌നേഹ (24) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. സ്നേഹയുടെ ചതഞ്ഞരഞ്ഞ ഇടത് കാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് നീക്കം ചെയ്തു. ഇവർക്ക് രണ്ടുവയസുള്ള കുട്ടിയുമുണ്ട്. തലശ്ശേരിയിലെ മെട്രോ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. കൂടെ ജോലി ചെയ്യുന്ന പാനൂരിലെ അനുശ്രീ, കക്കറയിലെ അപർണ്ണ എന്നി വർക്കൊപ്പം ഒ.വി.റോഡ് ജംഗ്ഷനിലെ മിനി ബൈപാസിൽ ചിത്രവാണി ടാക്കീസിന്റെ മതിലിനോട് ചേർന്നുള്ള ഫുട്പാത്തിൽ ബസ് കാത്ത് നിൽക്കുന്നതിനിടയിലാണ് ബൊലേറോ ജീപ്പ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.അനുശ്രീയെയും അപർണ്ണയെയും തട്ടിത്തെറിപ്പിച്ച ബൊലേറോ ചിത്രവാണിയുടെ മതിലിനോട് ഇടിച്ചാണ് നിന്നത്. ജിപ്പിനും മതിലിനുമിടയിൽ പെടുകയായിരുന്നു സ്നേഹ. ഓടിക്കൂടിയവർ ഏറെ പണിപ്പെട്ട് ജീപ്പ് ഉയർത്തി മാറ്റിയാണ് യുവതിയെ പുറത്തെടുത്തത്.ഇടിയുടെ ആഘാതത്തിൽ മതിൽഭാഗം തകർന്നിരുന്നു.

ചേറ്റം കുന്ന് സ്വദേശിയുടെതാണ് അപകടം വരുത്തിയ കെ.എൽ.58എഫ്.. 38 69 ബൊലേറോ .ഇതിപ്പോൾ പൊലിസ് കസ്റ്റഡിയിലാണുള്ളത്. അപകട സമയത്ത് വാഹനം ഓടിച്ചയാൾ ഇതേ വരെ ഹാജരാക്കിയിട്ടില്ല.തീർത്തും നിർധനരാണ് സ്‌നേഹയുടെ കുടുംബം ചികിത്സാ ചിലവിനായി ഇതിനകം തന്നെ വൻതുക കടം വാങ്ങിക്കഴിഞ്ഞു. യുവതിയുടെ ജീവൻ രക്ഷിക്കാനും തുടർ ചികിത്സക്കുമായി ദേശവാസികളുടെ കൂട്ടായ്മ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.