bogus-voting-

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 199 കള്ളവോട്ടുകളുടെ വിവരം കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി കളക്ടർക്ക് കൈമാറി. യഥാർത്ഥ വോട്ടറുടെ പേരും ക്രമനമ്പരും, ആ പേരിൽ ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്ത ആളിന്റെ പേരും ക്രമനമ്പരും ബൂത്തും ഉൾപ്പടെയുള്ള വിവരങ്ങളാണ് കൈമാറിയത്.

ധർമ്മടം, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു സഹോദരനും സഹോദരിയും ചേർന്നു സ്വന്തം വോട്ടുൾപ്പടെ ഒമ്പതു വോട്ടുകൾ ചെയ്തതായി അഭിഭാഷകന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 172ാം ബൂത്തിലാണിത്. തളിപ്പറമ്പ് മണ്ഡലത്തിൽ 77 പേർ കള്ളവോട്ട് ചെയ്തതിൽ 17 പേർ സ്ത്രീകളാണ്.

പരിയാരം മുൻ പഞ്ചായത്തംഗം നളിനി ശിവൻ, കെ.എ. മാലതിയുടെ വോട്ട് ചെയ്തു. ധർമ്മടത്ത് 22 പേർ കള്ളവോട്ടു ചെയ്തതിൽ ആറു പേർ സ്ത്രീകളാണ്. ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്. ഇവിടെ ഏട്ടന്റെ വോട്ട് അനിയനും അച്ഛന്റെ വോട്ട് മകനും ചെയ്തു. ബൂത്തിൽ വോട്ടറാല്ലാത്ത ഒരു സ്ത്രീയും വോട്ട് ചെയ്തിട്ടുണ്ട്.

പേരാവൂർ മണ്ഡലത്തിൽ 35 കള്ളവോട് പരാതികളിൽ ആറു പേർ സ്ത്രീകളാണ്. ഇവിടെ രണ്ടുപേർ നാലു വോട്ട് വീതം ചെയ്തു. മൂന്നു പേർ മൂന്നുവോട്ട് വീതവും. മട്ടന്നൂർ മണ്ഡലത്തിൽ 65 പരാതികളാണുള്ളത്. പതിനൊന്നു പരാതികളിൽ സ്ത്രീകളാണ് കള്ളവോട്ട് ചെയ്തത്. 104ാം നമ്പർ ബൂത്തിലെ വനിതാ വോട്ടർ അഞ്ച് വോട്ടുകൾ ചെയ്തു. 153ാം നമ്പർ ബൂത്തിൽ ഒരാൾ രണ്ടുവോട്ട് ചെയ്തത് അടുത്തടുത്ത ക്രമനമ്പർ പ്രകാരമാണ്. വോട്ടർ പട്ടികയിൽ 917, 918 ക്രമനമ്പരിൽ ഒരേ പേരാണ് അച്ചടിച്ചിട്ടുള്ളത്.