തൃക്കരിപ്പൂർ: ഒരു കാലത്ത് തൃക്കരിപ്പൂരിന്റെ സായാഹ്നങ്ങളെ സമ്പന്നമാക്കിയിരുന്ന പ്രാദേശിക ഫുട്ബാൾ ടൂർണമെന്റുകൾ വീണ്ടും സജീവമാകുന്നു. ഇന്ത്യൻ താരങ്ങളടക്കം നിരവധി ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നൽകിയ തൃക്കരിപ്പൂരും പരിസരങ്ങളും വൻകിട ഫ്ളഡ്ലിറ്റ് ടൂർണമെന്റുകൾ അരങ്ങേറാൻ തുടങ്ങിയതോടെയാണ് നാടൻ ഫുട്ബാൾ മേളകൾ ഇല്ലാതായത്.

ഇത് നാട്ടിൻപുറങ്ങളിലെ വളർന്നുവരുന്ന യുവകളിക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു. എടാട്ടുമ്മൽ, തൃക്കരിപ്പൂർ, ഉദിനൂർ, എളമ്പച്ചി തുടങ്ങിയ മൈതാനങ്ങളിൽ നിന്നുള്ള കളിക്കാർ ദേശീയതലങ്ങളിൽ വരെ ശ്രദ്ധേയരാണ്. എന്നാൽ നാടൻ ഫുട്ബാൾ മേളകൾ അവസാനിച്ചതോടെ പുതുതാരോദയങ്ങൾ പേരിനു മാത്രമായി ചുരുങ്ങി. കളിക്കാൻ അവസരങ്ങൾ ലഭിക്കാതെ പല യുവാക്കളും മറ്റു സാധ്യതകൾ തേടിപ്പോയി. എന്നാൽ മുൻനിര കളിക്കാരും വിദേശ താരങ്ങളും അണിനിരക്കുന്ന ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ടിക്കറ്റു വെച്ചുള്ള രാത്രികാല ഫ്ളഡ്ലിറ്റ് ടൂർണമെന്റുകൾ ബേക്കൽ, നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അതൊന്നും നാടിന്റെ ഫുട്ബാൾ വളർച്ചയ്ക്ക് ഉതകുന്നില്ലെന്നാണ് കായികപ്രേമികൾ പറയുന്നത്.

രണ്ടാം നിരക്കാരായ കളിക്കാരെ മാറ്റി നിർത്തി ഇത്തരം ഫുട്ബാൾ മേളകൾ അരങ്ങേറുമ്പോൾ പുതുപ്രതിഭകൾ ഉയർന്നുവരുന്നതിനു വിലങ്ങുതടിയാവുന്നുവെന്നാണ് കായിക പ്രേമികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നാട്ടിൻപുറങ്ങളിൽ വീണ്ടും സായാഹ്ന ഫുട്ബാൾ മേളകൾ അരങ്ങേറാൻ തുടങ്ങിയത് കളി പഠിക്കുന്ന യുവാക്കൾക്ക് ഏറെ പ്രയോജനമാവുകയാണ്.

റെഡ് സ്റ്റാർ ഇളമ്പച്ചിയും ഡി.വൈ.എഫ്.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന സായാഹ്ന ഫുട്ബാൾ ഇളമ്പച്ചിയിൽ ഫുട്ബാൾ പ്രേമികളെ ആകർഷിച്ചുവരികയാണ്. ഇതിനു പിന്നാലെ തൃക്കരിപ്പൂരും ഉദിനൂരുമൊക്കെ നാടൻ ക്ലബ്ബുകളെ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബാൾ മേളകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഫോട്ടോ
ഇളമ്പച്ചിയിൽ നടക്കുന്ന സായാഹ്ന ഫുട്ബാൾ മേളയിൽ നിന്ന്