ഭീമനടി: കാക്കടവ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങി മൂന്നു വർഷം പിന്നിടുമ്പോഴും പൂർത്തിയായത് തടയണയുടെ അടിത്തറ മാത്രം.

2016 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. വേനൽ കടുക്കുന്നതോടെ പുഴയിലെ നീരൊഴുക്ക് കുറയുകയും കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്നവർ വെള്ളത്തിനായി കഷ്ടപ്പെടുകയുമാണ് പതിവ്. മറ്റുവഴികളില്ലാതെ വന്നപ്പോൾ 2007 മുതൽ ഇവിടെ താത്ക്കാലികമായി ചാക്കുകളിൽ മണ്ണ് നിറച്ച് തടയണ നിർമ്മിക്കുകയായിരുന്നു. എന്നാൽ മഴ ശക്തമായാൽ അത് കുത്തിയൊലിച്ച് പോകുന്നതിനാൽ വെള്ളം കെട്ടി നിർത്താൻ കഴിയാറില്ല.

വൻ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കിയിരുന്ന ഈ നിർമ്മാണത്തിനെതിരെ നാട്ടുകാർ രംഗത്തുവന്നതോടെയാണ് കാക്കടവ് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള സ്ഥിരം തടയണയ്ക്ക് അനുമതി ലഭിച്ചത്. 2019 ജൂൺ മാസം വരെയാണ് കോൺട്രാക്ടറുടെ കാലാവധി. ഡിസംബറിലെങ്കിലും നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. തുടക്കം മുതൽ തടയണയുടെ നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. കോൺട്രാക്ടറുടെ കാലാവധി തീരുന്നത് നിർമ്മാണ പ്രവർത്തി പാതിവഴിയിലാകാൻ ഇടയാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. എന്നിരുന്നാലും കാര്യങ്കോട് പുഴയിൽ തടയണയുടെ അടിത്തറയുടെ കോൺക്രീറ്റ് പൂർത്തിയായത് തന്നെ വലിയ കാര്യമാണ് ഇവിടത്തുകാർക്ക്.

തടയണയ്ക്ക്

10 കോടി

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ സുസ്ഥിര പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവിലാണ് തടയണ നിർമ്മിക്കുന്നത്. ഏഴിമല നേവൽ അക്കാഡമിക്കും കയ്യൂർ - ചീമേനി പഞ്ചായത്തിനും കുടിവെള്ളം ലഭ്യമാക്കുകകൂടി പദ്ധതിയുടെ ഉദ്ദേശ്യമാണ്. കാര്യങ്കോട് പുഴയ്ക്ക് കുറുകെ 86 മീറ്റർ വീതിയിലും 4.5 മീറ്റർ ഉയരത്തിലുമാണ് തടയണ നിർമ്മിക്കുന്നത് . മെക്കാനിക്കൽ ഷട്ടറുകളും ഇതിന്റെ പ്രത്യേകതയാണ്‌