തലശേരി:മണ്ണയാട് ഇടത്തിലമ്പലത്തെ ആർ.എസ്.എസ് കേന്ദ്രത്തിൽ കാട്‌വെട്ടിത്തെളിക്കുന്ന ജോലിക്കിടെ സ്റ്റീൽബോംബ്‌പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന് മാരകപരിക്കേറ്റ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം തലശേരി ഏരിയസെക്രട്ടറി എം.സി. പവിത്രൻ ആവശ്യപ്പെട്ടു. ആർ.എസ്.എസുകാരുടെ വിഹാരകേന്ദ്രമാണ് മണ്ണയാട് ഇടത്തിലമ്പലം പ്രദേശം. ജില്ലയിലെ പലസ്ഥലങ്ങളിലേക്കും ബോംബ് നിർമിച്ചു നൽകുന്ന സ്ഥലം കൂടിയാണിത്. മണ്ണയാട് പുഴക്കരയിൽ ബോംബ് നിർമിക്കുമ്പോഴുള്ള സ്‌ഫോടനത്തിൽ ഒരു ആർ.എസ്.എസുകാരന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവമടക്കം നേരത്തെയുണ്ടായിട്ടുണ്ട്. ഇപ്പോൾ സ്‌ഫോടനമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുനിന്നാണ് ഏതാനും മാസംമുമ്പ് ബോംബും മാരകായുധങ്ങളും പൊലീസ് പിടിച്ചത്. തലശേരി പട്ടണത്തിലെ ബി.ജെ.പി മണ്ഡലംകമ്മിറ്റി ഓഫീസിനടുത്ത സ്ഥലത്ത് ബോംബ്‌പൊട്ടി മൂന്നുപേർക്ക് പരിക്കേറ്റത് കഴിഞ്ഞ ഫെബ്രുവരി 28നാണ്. ആർ.എസ.്എസ് കേന്ദ്രങ്ങളിൽ വൻതോതിൽ ബോംബ്‌നിർമാണവും ശേഖരണവും നടക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സമാധാനം നിലനിൽകുന്ന സമയത്തുള്ള ബോംബ്‌സ്‌ഫോടനം ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്. ഇടത്തിലമ്പലത്തിലെ സ്‌ഫോടനത്തിനൊപ്പം ആർ.എസ്.എസ് കേന്ദ്രങ്ങളിലെ ബോംബ്‌നിർമാണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സി.പി.എം ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു.