vote

കാസർകോട്: കള്ളവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ വീഡിയോ പരിശോധന കളക്ടറേറ്റിൽ ആരംഭിച്ചു. 43 ബൂത്തുകളിലെ കാമറകളാണ് പരിശോധിക്കുന്നത്. അതത് ബൂത്ത് ലെവൽ ഓഫീസർ, തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതിനിധി, സാങ്കേതിക വിദഗ്‌ദ്ധൻ എന്നിവരാണ് ദൃശ്യം പരിശോധിക്കുന്നത്. പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കാസർകോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ ഏതാനും ബൂത്തുകളിലും കള്ളവോട്ട് നടന്നതായുള്ള ആരോപണമുണ്ട്. കാസർകോട്ട് നാലും ഉദുമയിൽ മൂന്നും കാഞ്ഞങ്ങാട്ട് 13ഉം തൃക്കരിപ്പൂരിൽ 23ഉം പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവിടത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.

അതിനിടെ, ചീമേനി ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ പോളിംഗ് ഉദ്യോഗസ്ഥർ ഒത്താശ നൽകിയതായുള്ള ആരോപണം ശക്തമായി. കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയാണ് പോളിംഗ് ഉദ്യോഗസ്ഥർ വരുത്തിയതെന്ന് കളക്ടറുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും. വീഴ്ച വ്യക്തമായാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കണ്ണൂർ ജില്ലയിലെ കല്യാശേരി, പയ്യന്നൂർ ബൂത്തുകളിലെ പരിശോധന ഇന്നുണ്ടാകും.