കണ്ണൂർ:കണ്ണൂർ, കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലിക്കടവ് പാലം അപകടഭീഷണി മുഴക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായിട്ടും കുലുക്കമില്ലാതെ അധികൃതർ.കാലപ്പഴക്കം കാരണം പാലത്തിന്റെ തൂണുകളും ബീമുകളും ദിനംപ്രതി ദ്രവിച്ചുകൊണ്ടിരിക്കുകയാണ്.കാസർകോട് ജില്ലയിലെ ദേശീയപാതയിലെ ഏറ്റവും പഴക്കംചെന്ന പാലങ്ങളിൽ ഒന്നാണ് കാലിക്കടവ് . ദേശീയപാതയിലായി സ്ഥിതിചെയ്യുന്ന ഈ പാലത്തിന് ആറ് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. സ്ഥലത്തെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ നടന്നുപോകുന്ന ഈ പാലത്തിന് കൈവരികളോ മറ്റു സുരക്ഷാസംവിധാനങ്ങളോ ഒന്നുംതന്നെ ഇല്ല.
ചരക്കുവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ ദിവസവും ചീറിപ്പായുന്നത്. വലിയ വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുക്കം സംഭവിക്കുന്നു. തൂണുകളും ഭീമുകളും ഇളകി, പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് ഇളകി കമ്പി പുറത്തേക്ക് തള്ളിയ നിലയിലാണ്.വാഹനാപകടങ്ങളും ഇവിടെ പതിവാണ്.
പാലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കുള്ള പ്രധാനകാരണവും ഈ അപകടങ്ങൾ തന്നെയാണ്. പലപ്പോഴായി നടക്കുന്ന അപകടങ്ങളുടെ ഭാഗമായാണ് പാലത്തിന്റെ കൈവരികൾ പകുതിയിലേറെയും നശിച്ചതെന്നും പ്രദേശ വാസികൾ പറയുന്നു.പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും ഈ പാലത്തെ തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.നിർമ്മാണത്തിന് ശേഷം ഒരിക്കൽ പോലും കാലിക്കടവ് പാലത്തിൽ അറ്റക്കുറ്റപണികൾ നടന്നിട്ടില്ല. അതിർത്തിപ്രദേശമായതുകൊണ്ടുതന്നെ ജനപ്രതിനിധികളും ഈ പാലത്തിന് ആവശ്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയപാത വിസനത്തിന്റെ ഭാഗമായി പാലത്തിന്റെ പുനർനിർമാണത്തിനായി എസ്റ്റ്ിമെറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പക്ഷെ അതിന് ഇനിയും എത്ര വർഷം കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.
ഇരുവശവും കാട് മൂടിക്കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ പോലും പറ്റാത്ത അവസ്ഥയാണ്. വീതി നന്നെ കുറഞ്ഞത് കൊണ്ട് രണ്ട് വാഹനങ്ങൾ ഒരുമിച്ച് വന്നാൽ സാധിക്കാനും സാധിക്കുന്നില്ല.
നാരായണൻ ,സ്ഥിരം യാത്രികൻ