kalyottu-murder

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൊലയ്‌ക്ക് ശേഷം തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഉദുമ ഏരിയാ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് അംഗവുമായ കെ. മണികണ്ഠനെ ഒരാഴ്ച മുമ്പ് ചോദ്യംചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് സി.പി.എം നേതാക്കളെ ചോദ്യംചെയ്തത്. കേസിന്റെ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഇരട്ടക്കൊലപാതകത്തിൽ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

ഫെബ്രുവരി 17ന് രാത്രി ഏഴര മണിയോടെയാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കം 12 പ്രതികളിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി വിദേശത്താണ്.

ഇരട്ട കൊലപാതകത്തിൽ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ,​ അത് ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.