ബോംബേറും വ്യാപക കല്ലേറും, 5 പേർ അറസ്റ്റിൽ
3 പൊലീസുകാർക്കും 3 കോൺ. പ്രവർത്തകർക്കും പരിക്ക്
കാസർകോട്: ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് കോൺഗ്രസ്, സി.പി.എം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. ബോംബേറിലും കല്ലേറിലും ഒട്ടേറെ വീടുകളും വാഹനങ്ങളും തകർന്നു. മൂന്ന് പൊലീസുകാർക്കും മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷത്തിന് തുടക്കം. അക്രമം ഏറെ നേരം നീണ്ടു. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യോട്ട് ടൗണിൽ ഇന്നലെ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
കല്യോട്ടെ എ. ചന്ദ്രൻ (48), വിജിത്ത് (20), ആനന്ദകൃഷ്ണൻ (22), സനൽകുമാർ (24), ഗിരീഷ് (23) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്യോട്ട് കുമ്പളയിലെ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രണ്ടു തവണയായി നടന്ന ബോംബേറിൽ വീടിന്റെ ചുമര് വിണ്ടുകീറുകയും ജനൽ ഗ്ലാസുകളും പൈപ്പുകളും പൊട്ടുകയും ചെയ്തു. ഇതിനു പിന്നാലെ സി.പി.എം പ്രവർത്തകനും കല്ല്യോട്ട് ടൗണിലെ വ്യാപാരിയുമായ വത്സരാജിന്റെ വീടും വാഹനങ്ങളും തകർത്തു. കല്ലേറിൽ കാർ, ജീപ്പ്, ടിപ്പർ ലോറി, മിനി ലോറി, പിക്കപ്പ് വാൻ എന്നിവ തകർന്നു. സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ എം. ബാലകൃഷ്ണന്റെ വീടിനു നേരെയും അക്രമം നടന്നു.
കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയതിന്റെ തുടർച്ചയായി വത്സരാജിന്റെ കല്യോട്ട് ടൗണിലെ മലഞ്ചരക്ക് കട കോൺഗ്രസ് പ്രവർത്തകർ കത്തിച്ചിരുന്നു. ഈയിടെയാണ് കട പൂർവ സ്ഥിതിയിലാക്കിയത്.
ഇന്നലെ അർദ്ധരാത്രിക്കു ശേഷം കല്യോട്ട് ടൗണിൽ കൂടിനിന്ന കോൺഗ്രസ് പ്രവർത്തകരെ മാറ്റുന്നതിനിടെയാണ് പൊലീസിനെതിരെ കല്ലേറുണ്ടായത്. ലാത്തിച്ചാർജിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കല്ലേറിൽ മൂന്ന് പൊലീസുകാർക്കും പരിക്കേൽക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരായ ഗോപകുമാർ, ഗിരീഷ്, സനൽ എന്നിവരെയും ബേക്കൽ സ്റ്റേഷനിലെ പൊലിസുകാരായ പ്രദീപൻ,, ശരത്, സുരേഷ് എന്നിവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപന്റെ കൈ ഒടിഞ്ഞ നിലയിലാണ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എൻ. സജീവനും സംഘവും ഒമ്പത് പേരെ വെളുപ്പിന് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസ് ബന്തവസ് ശക്തിപ്പെടുത്തിയിട്ടുണ്ട്.