തൃക്കരിപ്പൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ തൃക്കരിപ്പൂർ പഞ്ചായത്തിന് ചരിത്ര വിജയം. നാല് സ്‌കൂളുകളിൽ നിന്നും പരീക്ഷയെഴുതിയ 483 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി. 144 പേരെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച തൃക്കരിപ്പൂർ മുഹമ്മദ് കുഞ്ഞി പട്ടേൽ സ്മാരക ഹയർ സെക്കൻഡറിയിൽ 4 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക സ്‌കൂളിൽ പരീക്ഷയെഴുതിയ 205 വിദ്യാർഥികളും വിജയിച്ചപ്പോൾ 13 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കൻഡറിയിലെ 127 പേരിൽ 12 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടി. അൺ എയ്ഡഡ് സ്‌കൂളായ മെട്ടമ്മൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്‌കൂളിൽ പരീക്ഷയെഴുതിയ എഴു പേരും വിജയിച്ചു. തൊട്ടടുത്ത പിലിക്കോട് പഞ്ചായത്തിലെ സി. കൃഷ്ണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറിയിലും നൂറുശതമാനം വിജയം തന്നെ.
186 പേർ പരീക്ഷയെഴുതിയതിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പടന്ന പഞ്ചായത്തിലെ എം.ആർ.വി.എച്ച്.എസിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഉദിനൂർ സ്‌കൂളിൽ പരീക്ഷയെഴുതിയ 233 വിദ്യാർത്ഥികളും വിജയിച്ചു. 55 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ചെറുവത്തൂർ കുട്ടമത്ത് ഹയർ സെക്കൻഡറി സ്‌കൂളിലും നൂറുമേനി വിജയം തന്നെ. 209 പേർ ആകെ പരീക്ഷയെഴുതി. ഇതിൽ 60 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കാടങ്കോട് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 98.06 ശതമാനമാണ് വിജയം.13 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
തിളക്കത്തോടെ ചീമേനി സ്കൂൾ
ചെറുവത്തൂർ: തുടർച്ചയായി അഞ്ചാം തവണയും നൂറുമേനി വിജയം കൊയ്ത് ചീമേനി ഹയർ സെക്കൻഡറി സ്‌കൂൾ. അദ്ധ്യാപകരടക്കമുള്ള സ്‌കൂൾ ജീവനക്കാരുടെയും പി.ടി.എ കമ്മിറ്റിയുടെയും കഠിന പരിശ്രമത്തിന്റെ ഫലമാണ് വിജയം. 87 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 11 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അക്കാദമിക് രംഗത്തിന് പുറമെ കായിക രംഗത്തും ചീമേനി സ്‌കൂളിലെ വിദ്യാർത്ഥികൾ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷമായി ജില്ലാ സ്‌കൂൾ സ്‌പോർട്സ് മീറ്റിൽ ചാമ്പ്യന്മാരാണ് ഈ സ്‌കൂൾ. ഉപജില്ലാ സ്‌കൂൾ മീറ്റിൽ പത്തുവർഷമായി ചാമ്പ്യൻപട്ടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. സംസ്ഥാന, ദേശീയ കായിക മേളയിലും സ്‌കൂളിന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഹരിയാനയിൽ നടന്ന സ്‌കൂൾ ദേശീയ സ്‌പോർട്സ് മീറ്റിൽ സ്‌കൂളിലെ അഖില രാജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സ്‌കൂളിൽ മൂന്നു കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയാണ്.