മാപ്പിളപ്പാട്ട് രംഗത്ത് ട്രൂപ്പുകൾ തമ്മിലുള്ള മത്സരങ്ങൾ ഒരു പരിപാടിയായി നടക്കുന്ന കാലം. അക്കാലത്ത്. വി. എം. കുട്ടിയുടെയും പീർ മുഹമ്മദിന്റെയും ട്രൂപ്പുകളെല്ലാം ഇങ്ങിനെ പരസ്പരം മത്സരിച്ചിരുന്നു. ഇന്നത്തെ റിയാലിറ്റി ഷോകളിലെ ജയവും പരാജയവുമെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങളൊന്നും അന്നുണ്ടായിരുന്നില്ല എന്നു തോന്നുന്നു. ഒരു മത്സരത്തിൽ രണ്ടാം സ്ഥാനത്തായിപ്പോയി എന്നതു കൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല എന്നു തന്നെ പറയാം. കൃത്യമായി വർഷം ഓർമ്മയില്ലെങ്കിലും ഒരു 45 വർഷമെങ്കിലും പിന്നോട്ട് പോയാൽ വടകരയിൽ അങ്ങനെ ഒരു മത്സരപരിപാടി നടന്നതിന്റെ ഓർമ്മകൾ എന്നിലെത്തും.
അന്നത്തെ പരിപാടിക്ക് മത്സരം എന്നു പറഞ്ഞാൽ മതിയാകുമെന്ന് തോന്നുന്നില്ല. അതൊരു മത്സര മഹോത്സവമായിരുന്നു. വടകരക്കാർ കമ്പനി വയൽ എന്നു വിളിക്കുന്ന വടകര റെയിൽവേ മൈതാനിയിൽ കെട്ടിയുണ്ടാക്കിയ വലിയ വേദി. ആയിരക്കണക്കിന് ആൾക്കാർക്ക് ഇരിക്കാവുന്ന പന്തൽ. വിപുലമായ സംവിധാനങ്ങൾ. ആകർഷണീയമായ സമ്മാനങ്ങൾ. പരിപാടിയിലെ വലിപ്പം ഒന്നു കൂടി മനസിലാക്കണമെങ്കിൽ ഒറ്റകാര്യം മാത്രം പറഞ്ഞാൽ മതി. ആ പരിപാടി ഉദ്ഘാടനം ചെയ്തത് മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീർ ആയിരുന്നു. വടകരയിൽ ഒരു ഉത്സവം തന്നെ. മാപ്പിളപ്പാട്ടുകളോടൊന്നും വലിയ താത്പര്യമില്ലാതിരുന്നതു കൊണ്ട് ഞാൻ ഈ പ്രചരണത്തിലൊന്നും വീണില്ല.. പരിപാടി കേൾക്കാൻ ഞാൻ പോയില്ല. പരിപാടിയിലെ വിധി കർത്താക്കളിലൊരാൾ എന്റെ അച്ഛൻ വി. ടി. കുമാരൻ മാസ്റ്ററായിരുന്നു. മറ്റു രണ്ട് പേർ ആരാണെന്ന് എനിക്ക് ഓർമ്മയില്ല. മാപ്പിളപ്പാട്ടിനെ അറിയുന്ന സംഗീതരംഗത്തെ രണ്ട് പേരായിരിക്കണം.
സാഹിത്യത്തോടും അറബിഭാഷയോടും ഒക്കെയുള്ള താത്പര്യം കൊണ്ടാവണം അച്ഛനെ ഇതിൽ ഉൾപ്പെടുത്തിയത്. ഇശലുകളുടെ താളാത്മകതയെ കുറിച്ചുമെല്ലാം ബോധമുള്ള ആൾ എന്നതും കണക്കിലെടുത്തിരിക്കാം. പരിപാടിയെല്ലാം കഴിഞ്ഞ് രാത്രി അച്ഛൻ തിരിച്ചെത്തിയപ്പോൾ സമ്മാനങ്ങൾ ആർക്കൊക്കെയാണ് നൽകിയതെന്നതിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. എരഞ്ഞോളി മൂസയെന്ന ചെറുപ്പക്കാരൻ അസലായി പാടി എന്ന് അച്ഛൻ പറഞ്ഞു. ഗായകനുള്ള ഒന്നാം സ്ഥാനം മൂസയ്ക്കാണ് നൽകിയതെന്നും അച്ഛൻ പറഞ്ഞു. ആ ചെറുപ്പക്കാരൻ ഈ രംഗത്ത് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞു. എരഞ്ഞോളി മൂസ എന്ന ഗായകൻ അന്നേ പ്രശസ്തനായിരുന്നു.
സത്യത്തിൽ അങ്ങനെയൊരു പേര് ഗൗരവമായി ഞാൻ കേട്ടത് അന്നായിരുന്നു.. എന്നിട്ടും കുറെക്കാലത്തേക്ക് അങ്ങനെയൊരു ഗായകനെ നേരിൽ കാണാനോ പരിചയപ്പെടാനോ എനിക്ക് കഴിഞ്ഞിരുന്നില്ല.. ഞാൻ പാട്ടിന്റെ വേറെ മേഖലയിലാണല്ലോ പ്രവർത്തിച്ചിരുന്നത്. എന്നാലും ഇവരുടെയൊക്കെ പാട്ടുകൾ കേട്ടിട്ടുണ്ട്. കല്യാണത്തിനും പണപയറ്റിനും തെങ്ങിന്റെ മുകളിൽ ഉയരത്തിൽ കെട്ടിയ കോളാമ്പി ഉച്ചഭാഷിണിയിൽ നിന്ന് അക്കാലത്ത് എത്രയോ പാട്ടുകൾ കേട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പാട്ടുകളേ അറിയൂ, പാട്ടുകാരനെ അറിയില്ല..
കോഴിക്കോട് ആകാശവാണിയിൽ പാടിയിരുന്ന അദ്ദേഹത്തിന് സംഗീതസംവിധായകൻ കെ. രാഘവൻ മാസ്റ്ററുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആകാശവാണിയിൽ മാപ്പിളപ്പാട്ടുകൾ മാത്രമല്ല, ലളിതഗാനങ്ങളും പാടിയിരുന്നു എരഞ്ഞോളി മൂസ. അക്കാലത്തെ രസകരമായ ഒരു സംഭവം പറയാൻ തുടങ്ങുമ്പോൾ തന്നെ ചിരിച്ചു തുടങ്ങും. ഈ അനുഭവത്തിലൂടെ മൂസയുടെ സംഗീതാഭിരുചിയും കഴിവും അദ്ദേഹം തിരിച്ചറിഞ്ഞു.ഈ സംഭവം ഞാൻ മൂസാക്കയോടെ തന്നെ ചോദിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിക്കൽ കോഴിക്കോട് ആകാശവാണി നിലയത്തിന്റെ വയലും വീടും പരിപാടി കൽപ്പറ്റയിൽ നടക്കുന്നു.പൊതുവേദിയിലാണ് ഇത്തരം പരിപാടികൾ നടക്കാറുള്ളത്. കുറെ ഗായകർ, പുതുതായി ഈ പരിപാടിക്കായി മാത്രം ഉണ്ടാക്കിയ ലളിത ഗാനങ്ങൾ അവതരിപ്പിക്കുകയാണ്. പരിപാടിയുടെ രണ്ട് ദിവസം മുമ്പ് തന്നെ പാട്ടുകൾ റേഡിയോ നിലയത്തിൽ ശബ്ദലേഖനം ചെയ്തിരിക്കും. സ്റ്റേജിൽ നടക്കുന്ന ക്രമത്തിൽ തന്നെ റിഹേഴ്സൽ ചെയ്യും. വളരെ തയാറെടുപ്പോടെയാണ് ആകാശവാണി ഇത്തരം പരിപാടികൾ അവതരിപ്പിക്കുക.
ഈ പരിപാടിയിലേക്ക് എരഞ്ഞോളി മൂസയ്ക്കും ക്ഷണം കിട്ടി. ശബ്ദലേഖനം ചെയ്ത പാട്ട് തന്നെയാണ് സ്റ്റേജിൽ അവതരിപ്പിക്കേണ്ടത്. സ്റ്റേജിൽ പാടിക്കൊണ്ടിരിക്കെ പല്ലവി കഴിഞ്ഞ് അനുപല്ലവിയെത്തിയപ്പോൾ മൂസാക്ക ട്യൂൺ മറന്നുപോയി. എന്തു ചെയ്യും. തൊട്ടടുത്ത് താളം കൊടുത്തു കൊണ്ട് രാഘവൻ മാസ്റ്റർ നിൽക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത പാട്ടാണ് പാടിക്കൊണ്ടിരിക്കുന്നത്. ഓർമ്മിച്ചെടുക്കാനുള്ള സമയമില്ല. ഇടയിലുള്ള ഉപകരണ വാദ്യം കഴിഞ്ഞാൽ പാടണം. മൂസ രണ്ടും കൽപ്പിച്ച് ആ ഈണത്തിനൊപ്പിച്ച് തത്കാലം എന്തോ പാടി രക്ഷപ്പെട്ടു. ചരണത്തിൽ വേറെ ട്യൂൺ. സദസ്യർക്ക് പിടികിട്ടാത്ത വിധത്തിൽ പാടി ഒപ്പിച്ച് മുഖം രക്ഷിച്ചു.
തനിക്ക് വഴങ്ങുന്ന രീതിയിലേക്ക് സംഗീതത്തെ മാറ്റിയെടുക്കുന്നവർക്ക് മാത്രമേ ഈ രംഗത്ത് നിലനിൽപ്പുള്ളൂ. സ്വന്തമായി സംഗീത ലോകം തുറന്നെടുത്ത മൂസ വ്യത്യസ്തനാകുന്നതും അതുകൊണ്ടാണ്. അദ്ദേഹത്തോടൊപ്പം നിരവധി പരിപാടികളിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നമുക്കൊരു ഊർജമാണത്. ഏറെ ഗൗരവമുള്ള വിഷയത്തെ പോലും തമാശയായി കാണാനുള്ള കഴിവ് മൂസാക്കയ്ക്കുണ്ട്. മാപ്പിളപ്പാട്ടിൽ വസന്തം തീർത്ത മൂസാക്കയുടെ മരണം അപരിഹാര്യമായ നഷ്ടമാണ്. ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ.
(പ്രശസ്ത ഗായകനാണ് ലേഖകൻ)