konyak

കൊലയാളികളെ തിരിച്ചറിയാൻ ജയിലിൽ ശിക്ഷയുടെ കാലയളവൊന്നും തപ്പേണ്ട, മുഖത്തെഴുതിവയ്ക്കും. അതാണ് നാഗാലാൻഡിലെ ഗോത്രക്കാരായ കൊന്യാക്കുകളുടെയൊരു രീതി. വീരന്മാരായ കൊന്യാക്കുകൾ ഇന്നും അതിൽ അഭിമാനം കൊള്ളുന്നു. ഇന്ത്യയിലും മ്യാൻമറിലുമായാണ് കൊന്യാക്കുകൾ താമസിക്കുന്നത്.

രാജകുമാരിക്കോ കൃഷിയിടത്തിനോ നദിക്കോ വേണ്ടിയാണ് ഇവരുടെ കലഹം. അയൽ ഗ്രാമക്കാരുടെ തലയറുത്താൽ ചോരവാർന്ന തല നേരെ വീട്ടിലേക്ക് കൊണ്ടുവരും. അവ വീടിന് മുന്നിൽ പ്രദർശിപ്പിക്കും. ശിരസുമായെത്തുന്ന പോരാളികളെ പച്ചകുത്തി നാട് സ്വീകരിക്കും. വലിയ ചടങ്ങുകളോടെയാണ് പച്ചകുത്തൽ. ഇങ്ങനെ ഓരോ തവണയും തലകൊണ്ടുവരുന്നവർക്ക് കൂടുതൽ അടയാളങ്ങളായിരിക്കും മുഖത്ത്. അവർക്ക് മാന്യമായ സ്ഥാനം തന്നെ സമൂഹത്തിൽ ലഭിക്കും.

കൂടുതൽ തലകൊയ്തവർ അത്രയും വെങ്കല തലരൂപങ്ങൾ ലോക്കറ്റായി തൂക്കിയിടും. ഇനി പോരാളിയെ അനുഗമിക്കുന്നവർക്കുമുണ്ട് പച്ചകുത്തൽ. അതുപക്ഷെ നെഞ്ചിലായിരിക്കും. കണ്ണിന്റെ ചുറ്റുമുള്ള വട്ടമൊഴിച്ച് പച്ചകുത്തുന്നവരാണ് കൊന്യാക്കുകൾ. വീരന്മാർ കാതിൽ അണിയുന്നത് മാൻകൊമ്പുകൾ ഉരച്ച് മൂർച്ചകൂട്ടിയ ആഭരണമാണ്. തലയിൽ തൊപ്പിക്കൊപ്പം കാട്ടുമൃഗത്തിന്റെ കൊമ്പും അണിയും. ഉരുക്കിനെ വെല്ലുന്ന തരത്തിൽ തടികൊണ്ടുള്ള കുന്തമാണ് അവരുടെ ആയുധം.

1960കളിൽ ശിരസ് കൊയ്യുന്ന ഇവരുടെ രീതി സർക്കാർ നിറുത്തലാക്കിയെങ്കിലും പിന്നെയും ആചാരം തുടർന്നവരുമുണ്ട്. 1990ൽ ചാങ്ങ് ഗോത്രവുമായുണ്ടായ ഭൂമിതർക്കത്തിൽ 70 പേരെ കൊന്നുവെന്നാണ് പറയുന്നത്. കൊലപ്പെടുത്തിയവരുടെ തലയോട്ടികൾ ഇന്നും ഈ ഗോത്രക്കാർ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇവർക്കിടയിലെ സ്ത്രീകളും ധൈര്യശാലികളാണ്.

ഋതുമതികളായാൽ അവരും കൈകാലുകളിലും തോളിലും പച്ചകുത്തും. കൊന്യാക് പുരുഷന്മാരുടെ കൈകളിൽ അവർ തദ്ദേശീയമായി നിർമ്മിക്കുന്ന യാങ് എന്ന തോക്കുകൾ ഇപ്പോഴും കാണുന്നു. വെറുതെ പണിയൊന്നുമില്ലാതെ ഇരിക്കുന്നവരുടെ കൈകളിലും കാണും ഇത്തരം ആയുധങ്ങൾ. പരമ്പരാഗതമായി കർഷകരാണിവർ.