തലശേരി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ(79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് മട്ടാമ്പ്രം പള്ളിക്കടുത്ത് സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂസ ഒരാഴ്ചയായി ശബ്ദം പുറത്തുവരാത്ത അവസ്ഥയിൽ വീട്ടിൽത്തന്നെയായിരുന്നു. 1940 മാർച്ചിൽ അബുവിന്റേയും ഐസുവിന്റേയും മകനായി എരഞ്ഞോളിയിലായിരുന്നു ജനനം. തലശേരിക്കടുത്ത എരഞ്ഞോളിക്കാരനായ വലിയകത്ത് മുസയാണ് പിന്നീട് എരഞ്ഞോളി മൂസയായി അറിയപ്പെട്ടത്. 17-ാം വയസിൽ തലശേരിയിൽ ചുമട്ടുതൊഴിലാളിയായാണ് ജോലി ആരംഭിച്ചത്. മാപ്പിള പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു മുസ. ഗൾഫ് നാടുകളിലടക്കം ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടി. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീർ (ഹൈദരബാദ്) നിസ്സാർ (സൗദി) സാദിഖ്, നസീറ, സമീറ, സാജിത
മരുമക്കൾ: റൗസീന, ഷഹനാസ്, സീനത്ത്, ഉസ്മാൻ ,അസ്‌കർ ,ഷമിം (അബുദാബി)
സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് മട്ടാമ്പ്രം ജുമാമസ്ജിദ് കബർസ്ഥാനിൽ.

സി.പി.എം.നേതാക്കളായ പി .ജയരാജൻ, എം.സി.പവിത്രൻ, നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, വി.രാമചന്ദ്രൻ എം.എൽ.എ, കെ.പി.സി.സി.അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,സംസ്ഥാന സിക്രട്ടറി വി.എ.നാരായണൻ,മുൻ ഡയറ്കടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് അഡ്വ. ടി.ആസഫലി, സി.പി.ഐ.നേതാക്കളായ സി.എൻ.ചന്ദ്രൻ, എ.പ്രദീപൻ, മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള എംഎൽ.എ, അഡ്വ. പി.വി.സൈനുദ്ദീൻ, അഡ്വ .കെ.എ.ലത്തീഫ് ,ഫോക്‌ലോർ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ, പ്രോഗ്രാം ഓഫീസർ ലവ് ലിൻ തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി അനുശോചനമറിയിച്ചു.