പെരിയ: കല്യോട്ട് ഇരട്ടകൊലപാതകത്തോട് അനുബന്ധിച്ച് നടന്ന സംഭവങ്ങൾക്കിടെ മൂന്ന് പൊലീസുകാരെ അക്രമിച്ച കേസിൽ എട്ട് കോൺഗ്രസ് പ്രവർത്തകരെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. കല്യോട്ടെ കറുകന്റെ മകൻ എ. ചന്ദ്രൻ (48), ബാലകൃഷ്ണന്റെ മകൻ വിജിത്ത് (20), കൊന്നക്കാട്ടെ മുരളിയുടെ മകൻ ആനന്ദകൃഷ്ണൻ (22), ആണ്ടിയുടെ മകൻ സനൽകുമാർ(24), കേളുവിന്റെ മകൻ ഗിരീഷ്(23), ഗോപകുമാർ, കേളുവിന്റെ മകൻ സതീശൻ, സനൽകുമാർ, ബാലകൃഷ്ണൻ മകൻ വിജിത്ത്, ചന്ദ്രന്റെ മകൻ വിവേക്, ചന്തുവിന്റെ മകൻ ചന്ദ്രൻ, കേളുവിന്റെ മകൻ ഗിരീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ബേക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ(40), എ.ആർ ക്യാമ്പിലെ ശരത്(28), സുരേശൻ(47) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. സി.പി.എം പ്രാദേശിക നേതാവ് വത്സരാജിന്റെ വീടിന് നേരെ നടന്ന അക്രമം തടയുന്നതിനിടയിലും കല്ല്യോട്ടുമായിരുന്നു അക്രമം. വത്സരാജിന്റെ വീടാക്രമിച്ച കേസിലും ആറു വാഹനങ്ങളും അടിച്ചു തകർത്ത കേസിലും ഇവർ പ്രതികളാണ്. ബാലകൃഷ്ണന്റെ വീടിന്റെ പുറത്തെ ജനൽഗ്ലാസുകളും അടിച്ചു തകർത്തു. അക്രമം തടയാനെത്തിയ മൂന്നു പൊലീസുകാർക്കും പരിക്കേറ്റു. അക്രമ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയും അക്രമമുണ്ടായി. കണ്ടാലറിയാവുന്ന അഞ്ച് പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാലകൃഷ്ണന്റെയും കണ്ണോത്ത് കുമ്പളയിലെ സി.പി.എം പ്രവർത്തകൻ അനീഷിന്റെയും വീടുകളും അക്രമിച്ച സംഭവത്തിലും ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.